സോള്‍: ദക്ഷിണ കൊറിയയില്‍ സ്ഥാപിച്ച വിവാദ മിസൈല്‍ പ്രതിരോധ കവചം താഡ് പ്രവര്‍ത്തിച്ചു തുടങ്ങിയതായി അമേരിക്കന്‍ സേന അറിയിച്ചു. പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ ഏതാനും മാസങ്ങള്‍ കൂടി സമയമെടുക്കുമെങ്കിലും നിലവില്‍ ഉത്തരകൊറിയയുടെ മിസൈലുകള്‍ തടുക്കാന്‍ താഡിന് സാധിക്കും. സംവിധാനത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ എത്തുന്നതോടെ ഈ വര്‍ഷാവസാനം കരുത്താര്‍ജിക്കുമെന്നും ദക്ഷിണകൊറിയയിലെ യു.എസ് സൈനിക വക്താവ് അറിയിച്ചു. ചൈനയുടെയും ദക്ഷിണകൊറിയയിലെ തദ്ദേശീയരുടെയും കടുത്ത എതിര്‍പ്പുകള്‍ വകവെക്കാതെയാണ് താഡ് കവചം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. യു.എസ് നീക്കങ്ങള്‍ തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്ന് താഡ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ ആളുകള്‍ ഭയക്കുന്നു. യു.എസ് പ്രതിരോധ കവചം തങ്ങളുടെ പ്രതിരോധ താല്‍പര്യങ്ങള്‍ക്ക് കോട്ടം വരുത്തുമെന്ന് ചൈനക്കും ആശങ്കയുണ്ട്. ചൈനീസ് ഭരണകൂടം അമേരിക്കയെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. ഉത്തരകൊറിയയുടെ ഭീഷണികളും അമേരിക്കയുടെ പടനീക്കങ്ങളും കൊറിയന്‍ മേഖലയെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ദക്ഷിണകൊറിയയും യു.എസും ആരംഭിച്ച സംയുക്ത സൈനികാഭ്യാസത്തോട് രോഷത്തോടെയാണ് ഉത്തരകൊറിയ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം രണ്ട് സൂപ്പര്‍സോണിക് ബി-1ബി ലാന്‍സര്‍ ബോംബര്‍ വിമാനങ്ങളും സൈനികാഭ്യാസ പ്രകടനങ്ങളില്‍ പങ്കെടുത്തു. ആണവ ബോംബിടാനുള്ള പരിശീലനമെന്നാണ് സൂപ്പര്‍സോണിക് പോര്‍വിമാനങ്ങളുടെ സാന്നിദ്ധ്യത്തെ ഉത്തരകൊറിയ വിശേഷിപ്പിച്ചത്. സൈനികാഭ്യാസങ്ങളിലൂടെ അനാവശ്യ പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കൊറിയന്‍ ഉപദ്വീപിനെ ആണവ യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടുകയാണ് അമേരിക്കയെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ കുറ്റപ്പെടുത്തി. ഉത്തരകൊറിയയില്‍നിന്നുള്ള ആക്രമണ ഭീഷണി കണക്കിലെടുത്ത് അമേരിക്ക നേരത്തെ തന്നെ ഗുവാമിലും ഹവായിലും പ്രതിരോധ കവചങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
- 8 years ago
chandrika
Categories:
Culture
കൊറിയന്‍ സംഘര്‍ഷം: അമേരിക്കയുടെ പ്രതിരോധ കവചം പ്രവത്തനം തുടങ്ങി
Tags: north korea