X

അമേരിക്കയുമായുള്ള ആണവചര്‍ച്ചയില്‍ പിന്‍മാറുന്നുവെന്ന് ഉത്തരകൊറിയ

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിയില്‍ നിന്ന് പിന്‍മാറുമെന്ന് ഉത്തരകൊറിയന്‍ ഭീഷണി. ദക്ഷിണ കൊറിയന്‍ അധികൃതരുമായി നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയില്‍ നിന്ന് രാജ്യം പിന്‍മാറുകയും ചെയ്തു. ഇതു സംബന്ധിച്ച ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയുടെ അറിയിപ്പ് ദക്ഷിണ കൊറിയയാണ് പുറത്തുവിട്ടത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ പാഴാകുമോ എന്ന ആശങ്ക ഉടലെടുത്തിരിക്കുകയാണ്.

ദക്ഷിണകൊറിയയും അമേരിക്കയും തമ്മില്‍ നടത്താന്‍ തീരുമാനിച്ച സംയുക്ത സൈനിക പരിശീലനമാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്. എന്നാല്‍ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

ഏറെ കാലമായി നീണ്ടുനിന്ന വൈരം മറന്ന് കഴിഞ്ഞ ഏപ്രില്‍ 27നാണ് ഇരുരാജ്യങ്ങളുടേയും നേതാക്കന്‍മാര്‍ കൂടിക്കാഴ്ച്ച നടത്തിയത്. തുടര്‍ന്ന് ആണവആയുധങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ഈ മാസം 16-നായിരുന്നു യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്.

chandrika: