പ്യോങ്യാങ്: ആണവ നിരായുധീകരണം സംബന്ധിച്ച പുതിയ ചര്‍ച്ചകളില്‍ അമേരിക്കയുടെ സമീപനം ഖേദകരമാണെന്ന് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ ഭണകൂടവുമായി നടത്തിയ ചര്‍ച്ചകളില്‍ വന്‍ പുരോഗി ഉണ്ടായെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ അവകാശവാദത്തിന് വിരുദ്ധമാണ് പോങ്യാങിന്റെ പുതിയ പ്രസ്താവന. സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് പോംപിയോ ഉത്തരകൊറിയ സന്ദര്‍ശിച്ചത്.
രണ്ട് ദിവസം പ്യോങ്യാങില്‍ തങ്ങി ചര്‍ച്ച നടത്തിയിട്ടും ഫലം കാണാതെയാണ് അദ്ദേഹം മടങ്ങിയതെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ അമേരിക്ക ഏകപക്ഷീയ സമ്മര്‍ദ്ദ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയും കുറ്റപ്പെടുത്തി.
ആണവനിരായുധീകരണം സംബന്ധിച്ച് ഉത്തരകൊറിയയില്‍നിന്ന് കൂടുതല്‍ വ്യക്തമായ ഉറപ്പുകള്‍ വാങ്ങാനാണ് പോംപിയോ പ്യോങ്യാങില്‍ എത്തിയിരുന്നത്. കിമ്മിന്റെ ഉറ്റസഹായി കിം യോങ് ചോലുമായി അദ്ദേഹം വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായിരുന്നില്ല. വിഷയങ്ങള്‍ സങ്കീര്‍ണമാണെങ്കിലും പ്രധാന പ്രശ്‌നങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടന്നായിരുന്നു പോംപിയോയുടെ പ്രതികരണം. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരം ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നും ഉത്തരകൊറിയക്ക് സുരക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു കിമ്മിന് ട്രംപ് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍. എന്നാല്‍ സിംഗപ്പൂര്‍ ഉച്ചകോടിക്ക് ശേഷവും ട്രംപ് ഉപരോധങ്ങള്‍ പുതുക്കിയിരുന്നു.