ന്യൂയോര്‍ക്ക്: ഹൈഡ്രജന്‍ ബോംബിന്റെ കാര്യം വിദേശ കാര്യമന്ത്രി വെറുതെ പറഞ്ഞതല്ലെന്ന് ഉത്തര കൊറിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രകോപനം സൃഷ്ടിച്ചാല്‍ ശാന്ത സമുദ്രത്തിനു മുകളില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തര കൊറിയ വിദേശകാര്യമന്ത്രി റി യോങ് ഹോ വെറുതെ പറഞ്ഞതല്ലെന്നും രാജ്യം അതിന് സന്നദ്ധമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റി യോങ് പില്ലിനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയപ്പോഴാണ് റി യോങ് ഹോ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന ഭീഷണി മുഴക്കിയത്. ഐക്യ രാഷ്ട്രസഭയിലെ പ്രസംഗത്തില്‍ ഉത്തര കൊറിയയെ തുടച്ചുനീക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്. ഭീഷണിക്ക് ട്രംപ് വലിയ വില കൊടുക്കേണ്ടി വരുമെന്നും ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ പ്രത്യാക്രമണമാവും അമേരിക്ക നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.
‘പരമാധികാര നേതാവിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രിക്ക് നല്ല ധാരണയുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തന്നെ എടുക്കാം.’ പ്യോങ്യോങില്‍ നിന്ന് റി യോങ് പില്‍ പറഞ്ഞു.