X

ട്രംപ് ഭരണകൂടവുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഉത്തരകൊറിയ

പ്യോങ്യാങ്: സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അമേരിക്കന്‍ ഭരണകൂടവുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഉത്തരകൊറിയ. അമേരിക്കയുടെ മുന്‍ യു.എന്‍ അംബാസഡര്‍ തോമസ് പിക്കറിങ് അടക്കമുള്ള മുന്‍ യു.എസ് ഉദ്യോഗസ്ഥരുമായും നയതന്ത്ര വിദഗ്ധരുമായും നോര്‍വേയില്‍ കൂടിക്കാഴ്ച നടത്തിയശേഷം ഉത്തരകൊറിയയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥ ചോ സണ്‍ ഹീ അറിയിച്ചതാണിത്.
ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ ബ്യൂറോ മേധാവിയാണ് ചോ സണ്‍ ഹീ. ശരിയായ സാഹചര്യത്തില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഉന്നുമായുള്ള കൂടിക്കാഴ്ചയെ ഒരു ബഹുമതിയായി കാണുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയായാണ് ഉത്തരകൊറിയ ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. ആഴ്ചകള്‍ നീണ്ട ഭീഷണികള്‍ക്കും വെല്ലുവിളികള്‍ക്കും ശേഷം ഇരുരാജ്യങ്ങളും ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകള്‍ യുദ്ധഭീതിയില്‍ കഴിഞ്ഞിരുന്ന കൊറിയന്‍ മേഖലക്ക് ആശ്വാസം പകരുന്നതാണ്. ദക്ഷിണകൊറിയയില്‍ മുന്‍ ഭരണകൂടങ്ങളില്‍നിന്ന് വ്യത്യസ്തമായി പുതിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ സമാധാന പ്രിയനാണെന്നതും ശ്രദ്ധേയമാണ്. ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കി ഉത്തരകൊറിയയുമായി അനുരഞ്ജന ചര്‍ച്ച നടത്തണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. സമാധാനത്തിനുവേണ്ടി പ്യോങ്യാങ് സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്ന് പ്രസിഡന്റ് പദം ഏറ്റെടുത്ത ഉടന്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ദക്ഷിണകൊറിയയിലെ പുതിയ ഭരണകൂടവുമായി ഉത്തരകൊറിയ ചര്‍ച്ചക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നായിരുന്നു ചോ സണ്‍ ഹീയുടെ മറുപടി.

chandrika: