വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു
സോള്‍: ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ചൊവ്വ അര്‍ധരാത്രിയോടെയായിരുന്നു വിക്ഷേപണം. പ്യോഗ്യാംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിട്ട് പറന്ന ശേഷം ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണ് പതിച്ചത്. ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പരീക്ഷണം. കൊറിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ സൂചന നല്‍കുന്ന റേഡിയോ സിഗ്‌നലുകള്‍ ലഭിച്ചതായി ജപ്പാനും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് അവിടുത്തെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവച്ചു.
ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോഗ്യാംങ്ങിലെ പ്യോങ്‌സോങില്‍ നിന്നാണ് മിസൈല്‍ പ്രയോഗിച്ചത്. ഇതിനു മറുപടിയെന്നോണം ദക്ഷിണ കൊറിയ അതേ ശേഷിയുള്ള മിസൈല്‍ തൊടുത്തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു.ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചതെന്ന് യുഎസ് കരുതുന്നു. സെപ്റ്റംബറില്‍ ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തിയിരുന്നു. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായി വിമര്‍ശിച്ചു. എനിക്ക് ഇപ്പോള്‍ ഒരു കാര്യം മാത്രമേ പറയാനാകൂ, ഇത് ഞങ്ങള്‍ നോക്കികൊള്ളാം. ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്ന സ്ഥിതിവിശേഷമാണിത്. വൈറ്റ് ഹൗസില്‍ അദ്ദേഹം വ്യക്തമാക്കി.