സോള്‍: അസ്വസ്ഥത പുകയുന്ന കൊറിയന്‍ മേഖലയില്‍ യുദ്ധസന്നാഹങ്ങളുമായി ഉത്തരകൊറിയയും അമേരിക്കയും. വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന അത്യാധുനിക സംവിധാനം വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരീക്ഷണം.
വ്യോമാക്രമണം കൃത്യമായി കണ്ടെത്തി തടുക്കാന്‍ ശേഷിയുള്ള ആയുധം വന്‍തോതില്‍ ഉല്‍പാദിപ്പിച്ച് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിന്യസിക്കാന്‍ ഉന്‍ ഉത്തരവിട്ടു. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് വിവരം പുറത്തുവിട്ടത്. എവിടെ, എപ്പോഴാണ് പരീക്ഷണം നടന്നതെന്ന് വ്യക്തമല്ല. ഉത്തരകൊറിയക്കുവേണ്ടി ആയുധങ്ങള്‍ വികസിപ്പിക്കുന്ന അക്കാദമി ഓഫ് നാഷണല്‍ ഡിഫന്‍സ് സയന്‍സാണ് പരീക്ഷണം നടത്തിയത്.
മുന്‍ വ്യോമ സേന മേധാവി റി പ്യോഗ് ചോല്‍, റോക്കറ്റ് ശാസ്ത്രജ്ഞന്‍ കിംഗ് ജോങ് സിക്ക്, അക്കാദമി ഓഫ് നാഷണല്‍ ഡിഫന്‍സ് മേധാവി ജാങ് ചങ് ഹ എന്നിവരും പരീക്ഷണം വീക്ഷിക്കാന്‍ ഉന്നിനോടൊപ്പം എത്തിയിരുന്നു.
2016 ഏപ്രിലില്‍ പരീക്ഷിച്ച വിമാനവേധ ആയുധത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇതെന്ന് കെസിഎന്‍എ അവകാശപ്പെടുന്നു. അടുത്ത തലമുറയില്‍പെട്ട വ്യോമാക്രമണ പ്രതിരോധ ആയുധം വികസിപ്പിക്കാന്‍ ശ്രമം തുടരുമെന്ന് ഉന്‍ പ്രഖ്യാപിച്ചു. ഏതു ഭാഗത്തുനിന്നുള്ള ആക്രമണത്തെയും തടുക്കാന്‍ പുതിയ സംവിധാനത്തിന് സാധിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. അപ്പുറത്ത് അമേരിക്കയും യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. പടക്കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തിയതിനോടൊപ്പം ദക്ഷിണകൊറിയയില്‍ മിസൈല്‍ പ്രതിരോധ കവചവും യു.എസ് സ്ഥാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിച്ച് മിസൈല്‍, ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഉത്തരകൊറിയയുടെ തീരുമാനം.
ഉത്തരകൊറിയയില്‍നിന്നുള്ള ഭീഷണി ചെറുതായി കാണാന്‍ യു.എസ് തയാറല്ല. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തുവെച്ചു തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള പ്രതിരോധ മിസൈല്‍ അടുത്തയാഴ്ച പരീക്ഷിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക പരീക്ഷിക്കുന്നത് ആദ്യമാണ്. ചൊവ്വാഴ്ച കാലിഫോര്‍ണിയയിലാണ് പരീക്ഷണം.
ഭൂഖണ്ഡാന്തര മിസൈലുകളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇതിന് സാധിക്കും. അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളെയും ജപ്പാനെയും ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇനിയും വികസിപ്പിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പുനല്‍കിയിരുന്നു.
- 7 years ago
chandrika
Categories:
Culture
വ്യോമപ്രതിരോധ കവചവുമായി ഉത്തരകൊറിയ
Tags: north korea