ടോക്കിയോ: ലോക രാഷ്ട്രങ്ങളുടെ ആശങ്കകള്‍ വര്‍ധിപ്പിച്ച് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ജപ്പാന്‍ രംഗത്ത്. ഉത്തരകൊറിയ ആണവായുധം പരീക്ഷിച്ചേക്കുമെന്നും രക്ഷപ്പെടാന്‍ പത്തു മിനിറ്റിനു താഴെ മാത്രമേ സമയം ലഭിക്കുകയുള്ളൂവെന്നുമാണ് ജപ്പാന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും ജപ്പാന്‍ പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആറ്റംബോംബ് ടോക്കിയോക്കു മുകളില്‍ വര്‍ഷിക്കുകയാണെങ്കില്‍ എന്തു ചെയ്യണമെന്ന മാര്‍ഗനിര്‍ദേശവും ഭരണകൂടം മുന്നോട്ടുവെച്ചു. ഇതുസംബന്ധിച്ച വ്യക്തമായ മാര്‍ഗരേഖ ഓണ്‍ലൈനായി പുറത്തിറക്കിയിട്ടുണ്ട്.
ഉത്തര കൊറിയ ആണവായുധ നീക്കം നടത്തുകയാണെങ്കില്‍ ജനങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ അഭയം തേടണമെന്നാണ് പ്രധാന നിര്‍ദേശം. ഭൂഗര്‍ഭ അറകളിലും ഫര്‍ണിച്ചറുകള്‍ക്ക് അടിയിലും സുരക്ഷിത സ്ഥാനം കണ്ടെത്താം. എന്നാല്‍ വാതിലുകള്‍ക്കും ജനലുകള്‍ക്കും സമീപം നില്‍ക്കുന്നതു പൂര്‍ണമായും വിലക്കിയിട്ടുണ്ട്.
പോങ്‌യാങില്‍ നിന്ന് 1600 കിലോമീറ്റര്‍ താണ്ടി ജപ്പാനിലെ ഒകിനാവയിലേക്ക് അണുവായുധം പ്രയോഗിക്കാന്‍ ഉത്തരകൊറിയക്ക് വെറും പത്തു മിനിറ്റ് സമയമാണ് ആവശ്യം. ആക്രമണം നടന്ന് നിമിഷങ്ങള്‍ക്കു ശേഷം മാത്രമേ ഇത് തിരിച്ചറിയാനാകൂ. എന്നാല്‍ തിരിച്ചറിഞ്ഞാല്‍ അവശേഷിക്കുന്ന മിനിറ്റുകള്‍ക്കകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ജപ്പാന്‍ മുന്നറിയിപ്പ് നല്‍കുന്നു. മാര്‍ഗരേഖ പ്രസിദ്ധീകരിച്ച വെബസൈറ്റില്‍ മിനിറ്റുകള്‍ക്കകം അഞ്ചു ദശലക്ഷത്തോളം ആളുകള്‍ സന്ദര്‍ശിച്ചതായാണ് വിവരം.