പിയോങ്‌യാങ്: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാനിരിക്കെ ശക്തമായ യുഎസ് വിരുദ്ധ നയം നടപ്പാക്കാനൊരുങ്ങി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍.
ഇതിനു മുമ്പ് ട്രംപ് പ്രസിഡന്റായ സമയത്ത് ഉത്തര കൊറിയയുടെ ആണവനയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കിം ജോങ് ഉന്നുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപ് രണ്ടാം തവണയും അധികാരമേല്‍ക്കുന്ന അവസരത്തിലം ഇരു രാജ്യങ്ങള്‍ തമ്മിലും വിഷയത്തില്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ട്രംപ് അധികാരമേറ്റ ഉടന്‍ യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങളിലേക്കായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യത, അതിനാല്‍ യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ റഷ്യക്ക് സൈനികസഹായം നല്‍കിയ ഉത്തര കൊറിയന്‍ നടപടി നയതന്ത്ര ചര്‍ച്ചകള്‍ക്ക് വിലങ്ങുതടിയായേക്കാമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഉത്തര കൊറിയയിലെ ഭരണ പാര്‍ട്ടിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രീനറി യോഗത്തില്‍ ‘കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാതെ തുടരുന്ന ഏറ്റവും വലിയ പിന്തിരിപ്പന്‍ സംസ്ഥാനം’ എന്ന് യുഎസിനെ കിം വിശേഷിപ്പിച്ചിരുന്നു. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാന്‍ സുരക്ഷാ പങ്കാളിത്തം ‘ആക്രമത്തിനായുള്ള സൈനിക സംഘമായി വളരുകയാണ്’ എന്നും കിം പറഞ്ഞു.
‘ ഈ വളര്‍ച്ച ഏത് നയമാണ് നാം സ്വീകരിക്കേണ്ടതെന്നും ഏത് വഴികളാണ് നാം സ്വീകരിക്കേണ്ടത് എന്നും വ്യക്തമാക്കുന്നു’ എന്നും കിം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയുടെ താല്‍പര്യങ്ങളും സുരക്ഷയ്ക്കുമായുള്ള അമേരിക്കന്‍ വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും കഠിനമായ തന്ത്രമാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും കിം വ്യക്തമാക്കി.
എന്ത് നയങ്ങളായിരിക്കും യുഎസിനെതിരെ കിം സ്വീകരിക്കുക എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ പ്രതിരോധ മേഖലയുടെ സാങ്കേതിക ശേഷി വര്‍ധിപ്പിക്കുന്നതും, സൈനികരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പദ്ധതികള്‍ രൂപീകരിക്കുന്നതും കിം മുന്നോട്ടുവെച്ച ആശയങ്ങളില്‍ ചിലതായിരുന്നു.