X

ആണവ മിസൈല്‍ പരീക്ഷണം അവസാനിപ്പിച്ചു; ഇനി ശ്രദ്ധ മറ്റൊരു മേഖലയിലെന്ന് ഉത്തരകൊറിയ

സോള്‍: ലോകത്തെ ആശങ്കയിലാക്കിയിരുന്ന ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചതായി ഉത്തരകൊറിയ. ആണവ പരീക്ഷണങ്ങളും ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളും നിര്‍ത്തുകയാണെന്നും രാജ്യത്തിന്റെ ശ്രദ്ധ മറ്റൊരു മേഖലയിലായിരിക്കുമെന്നും ഉത്തരകൊറിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. ദക്ഷിണകൊറിയയുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു മുന്നോടിയായാണ് പുതിയ നടപടി. രാജ്യത്തെ ആണവ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടാനുള്ള തീരുമാനവും ഉത്തരകൊറിയ ആലോചിക്കുന്നുണ്ട്. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ആണവശക്തിയിലും മിസൈല്‍ സാങ്കേതിക വിദ്യയിലും രാജ്യം പൂര്‍ണത കൈവരിച്ചുവെന്നും ഇനി പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങുന്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലായിരിക്കും ഇനി ഉത്തരകൊറിയയുടെ ശ്രദ്ധയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തരകൊറിയന്‍ തീരുമാനത്തെ അമേരിക്കയടക്കം ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്തു. നേരത്തെ ഉത്തര-ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിച്ചിരുന്നു. കിം ജോങുന്‍ അധ്യക്ഷനായ സ്‌റ്റേറ്റ് അഫയേഴ്‌സ് കമ്മീഷനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് വസതിയായ ബ്ലൂ ഹൗസും തമ്മിലാണ് ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചത്.

chandrika: