പ്യോങ്യാങ്: അമേരിക്കയുടെ ഭീഷണികളെയും ദക്ഷിണകൊറിയയുടെപുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ അനുരഞ്ജന നിര്‍ദേശങ്ങളെയും കാറ്റില്‍പറത്തി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഉത്തരകൊറിയക്ക് വടക്കുപടിഞ്ഞാറ് കുസോംഗില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ 700 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന്‍ കടലില്‍ പതിച്ചു. ഉത്തരകൊറിയന്‍ വിഷയത്തില്‍ മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന മൂണ്‍ ജേ ഇന്നിന് മിസൈല്‍ പരീക്ഷണം കനത്ത തിരിച്ചയായി. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഇല്ലെന്ന സന്ദേശമാണ് ഉത്തരകൊറിയന്‍ ഭരണനേതൃത്വം ഇതിലൂടെ നല്‍കിയിരിക്കുന്നത്. പരീക്ഷണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മൂണ്‍ ജേ ഇന്‍ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു. മിസൈല്‍ സാങ്കേതികവിദ്യയില്‍ ഉത്തരകൊറിയ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് പുതിയ പരീക്ഷണം വ്യക്തമാക്കുന്നതെന്ന് ജപ്പാന്‍ അറിയിച്ചു. 30 മിനിറ്റിലധികം പറന്ന ശേഷമാണ് മിസൈല്‍ കടലില്‍ പതിച്ചതെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രാലയം പറയുന്നു. 4500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിച്ച് നടത്തിയ മിസൈല്‍ പരീക്ഷണത്തെ അപലപിക്കുന്നതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രഖ്യാപിച്ചു. ഏതുതരം മിസൈലാണ് പരീക്ഷിച്ചതെന്ന പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എസ് പസഫിക് കമാന്‍ഡ് പറഞ്ഞു. ഭൂഖണ്ഡാന്തര മിസൈല്‍ അല്ല പരീക്ഷിച്ചതെന്നും പസഫിക് കമാന്‍ഡ് വ്യക്തമാക്കി. മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ആത്മസംയമനം പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ചൈന അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷം വഷളാക്കുന്ന രൂപത്തില്‍ ഒന്നും ചെയ്യരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താനവയില്‍ നിര്‍ദേശിച്ചു. യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ക്ക് വിരുദ്ധമായി ഉത്തരകൊറിയ നടത്തുന്ന അത്തരം പ്രവര്‍ത്തനങ്ങളെ ചൈന എതിര്‍ക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഉത്തരകൊറിയ സന്ദര്‍ശിക്കാന്‍ സന്നദ്ധമാണെന്ന് പ്രസിഡന്റായി ചുതമലയേറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തില്‍ മൂണ്‍ ജേ ഇന്‍ അറിയിച്ചിരുന്നു. സംഘര്‍ഷത്തിന് അയവുവരുത്തി ചര്‍ച്ചക്ക് വാതില്‍ തുറന്നേക്കുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് പുതിയ മിസൈല്‍ പരീക്ഷണം. യു.എസ് ഭരണകൂടവുമായി ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് ഉത്തരകൊറിയന്‍ പ്രതിനിധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേരിക്ക ശത്രുതാപരമായ നിലപാട് ഉപേക്ഷിച്ചില്ലെങ്കില്‍ ആണവശേഷി കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ ശനിയാഴ്ച മുന്നറിയിപ്പുനല്‍കിയിരുന്നു. വിമാനവാഹിനി അടക്കമുള്ള പടക്കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തിയും ദക്ഷിണകൊറിയയില്‍ പ്രതിരോധ കവചം സ്ഥാപിച്ചും വന്‍ സന്നാഹങ്ങളാണ് അമേരിക്ക മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
വെല്ലുവിളിയുമായി ഉത്തരകൊറിയ; വീണ്ടും മിസൈല്‍ പരീക്ഷിച്ചു
Tags: Kim Jong Unnorth korea