X

പ്രകോപനവുമായി ഉത്തരകൊറിയ; ട്രംപിനെ വെല്ലുവിളിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം

സോള്‍: ലോകത്തെ മുള്‍മുനയിലാഴ്ത്തി വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ഇന്നലെ അര്‍ധരാത്രി ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചതായി റിപ്പോര്‍ട്ട്. അന്‍പതു മിനിട്ട് പറന്ന മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയയെ ഭീകരവാദം സ്പോണ്‍സര്‍ ചെയ്യുന്ന രാജ്യമായ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെല്ലുവിളിച്ച് കൊണ്ട് വീണ്ടുമൊരു മിസൈല്‍ പരീക്ഷണം.

1000 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന്‍ അധീനതിയിലുള്ള കടലിലാണ് മിസൈല്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ ഉത്തര കൊറിയയുടെ മിസൈല്‍ പതിക്കുന്നത്. സെപ്റ്റംബറില്‍ ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ മിസൈല്‍ പറത്തിയിരുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി. ഏതാനും ദിവസങ്ങള്‍ക്കകം ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന് യുഎസ് മുന്നറിയിപ്പു വന്നതിനു തൊട്ടുപിന്നാലെയാണിത്. കൊറിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ സൂചന നല്‍കുന്ന റേഡിയോ സിഗ്‌നലുകള്‍ ലഭിച്ചതായി ജപ്പാനും ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബറില്‍ ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തിയിരുന്നു.

ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് അവിടുത്തെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവയ്ക്കുകയായിരുന്നു. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്‌സോങ്ങില്‍നിന്നാണ് മിസൈല്‍ പ്രയോഗിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്നു യുഎസ് വിലയിരുത്തുന്നു.

13,000 കിലോമീറ്ററാണ് പരീക്ഷണം നടത്തിയ മിസൈലിന്റെ യഥാര്‍ത്ഥ ശേഷിയെന്നും അമേരിക്കയിലെ എല്ലാ നഗരങ്ങളേയും പരിധിയിലാക്കാന്‍ ഇതിന് സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തിര യോഗം ചേരും. സര്‍ക്കാരിനും സൈന്യത്തിനും മുന്നറിയിപ്പ് നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങള്‍ ഇത് വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും അറിയിച്ചു.

chandrika: