X

ഉത്തര കൊറിയയുടെ കൈയില്‍ ഭൂഖണ്ഡാന്തര മിസൈല്‍

പ്യോങ്യാങ്: അമേരിക്കയുടെ ക്ഷമയെ പരീക്ഷിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഭൂഖണ്ഡാന്തര വസോങ്-14 ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചതെന്നും ലോകത്തിന്റെ ഏത് മൂലയില്‍ ആക്രമണം നടത്താനും തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു. ഭരണത്തലവന്‍ കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തില്‍ നടന്ന പരീക്ഷണം വിജയകരമായിരുന്നുവെന്നും ഉത്തരകൊറിയ അറിയിച്ചു. ഉത്തരകൊറിയന്‍ വിഷയത്തില്‍ അമേരിക്കയുടെ ക്ഷമ നശിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീമ്പിളക്കി ദിവസങ്ങള്‍ പിന്നിടവെയാണ് ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം.
അന്താരാഷ്ട്ര സമൂഹത്തിന്റെയും അമേരിക്കയുടെയും ഭീഷണികള്‍ക്ക് ഒട്ടും വിലയില്ലെന്ന് ഉത്തരകൊറിയ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. 2802 കിലോമീറ്റര്‍ ഉയരത്തില്‍ 39 മിനുട്ട് സഞ്ചരിച്ചാണ് മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതെന്ന് ഉത്തരകൊറിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു. 933 കിലോമീറ്ററാണ് മിസൈല്‍ സഞ്ചരിച്ചത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇതെന്നും ഉത്തരകൊറിയ അവകാശപ്പെടുന്നു.
അമേരിക്കയുടെ ആണവ ഭീഷണി അവസാനിപ്പിക്കാനും രാജ്യത്തെ സംരക്ഷിക്കാനും ഉത്തരകൊറിയ പ്രാപ്തമാണെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ വ്യക്തമാക്കി. മിസൈല്‍ പരീക്ഷണം നടന്നതായി യു.എസ് പസഫിക് കമാന്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ദൂരപരിധി 930 കിലോമീറ്ററിലേറെ ആണെന്നും കമാന്‍ഡ് പറയുന്നു. ഉത്തരകൊറിയയുടെ അവകാശവാദം ശരിയാണെങ്കില്‍ വസോങ്-14 മിസൈലിന് സാധാരണ സഞ്ചാരപഥത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ വിദഗ്ധന്‍ ഡേവിഡ് റൈറ്റ് അഭിപ്രായപ്പെട്ടു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖല ഉള്‍പ്പടുന്ന സീ ഓഫ് ജപ്പാനിലാണ് മിസൈല്‍ പതിച്ചത്. ജപ്പാന്റെ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ പതിച്ച മിസൈല്‍ രാജ്യത്തിന് ഏറെ ഭീഷണി സൃഷ്ടിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. അമേരിക്കയിലെ അലാസ്‌കയെ ആക്രമിക്കാന്‍ ഈ മിസൈല്‍ ഉപയോഗിച്ച് ഉത്തരകൊറിയക്ക് സാധിക്കും. മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ച് ആബെയുമായി ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് വസോങ്-14 മിസൈല്‍ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

chandrika: