X

ബന്ധം കൂടുതല്‍ വഷളാവുന്നു; യുഎസ് പൗരന്‍ ഉത്തര കൊറിയയില്‍ അറസ്റ്റില്‍

സോള്‍: യുഎസിനെ കൂടുതല്‍ പ്രകോപനപരമായ നീക്കങ്ങളുമായി ഉത്തര കൊറിയ. യുഎസ് പൗരനെ നോര്‍ത്ത് കൊറിയയിലെ പ്യോങ്യാങ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. നോര്‍ത്ത് കൊറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പ്യോയാങിലെ സ്വീഡിഷ് എംബസി അറിയിച്ചു. അതേസമയം, അറസ്റ്റിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. നോര്‍ത്ത് കൊറിയയും യുഎസും തമ്മില്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തിലാണ് യുഎസ് പൗരന്റെ അറസ്റ്റ്. കൊറിയന്‍-യുഎസ് പൗരനായ ഇയാള്‍ നോര്‍ത്ത് കൊറിയ വിട്ടു പോകാന്‍ ശ്രമിക്കവെയാണ് അറസ്റ്റിലായതെന്നു സൗത്ത് കൊറിയന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. പിടിയിലായ ആള്‍ക്ക് 50 വയസ് പ്രായമുണ്ടെന്നും കിം എന്നാണ് വിളിപ്പേരെന്നുമാണ് സൂചന. ചൈനയിലെ യാന്‍ബിന്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രഫസറായ കിം നോര്‍ത്ത് കൊറിയയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു എന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ സൈനിക ശക്തി തെളിയിക്കാന്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സന്‍ ആക്രമിച്ച് മുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണിപ്പെടുത്തിയിരുന്നു. ഉത്തരകൊറിയയുടെ സമീപത്തേക്ക് നീങ്ങാന്‍ യുദ്ധക്കപ്പലിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഭീഷണി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്.

chandrika: