X

അമേരിക്ക രഹസ്യമായി യുദ്ധത്തിനൊരുങ്ങുന്നുവെന്ന് ഉത്തരകൊറിയ

വാഷിങ്ടണ്‍: അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ രഹസ്യമായി തയ്യാറെടുക്കുന്നുവെന്ന ആരോപണവുമായി ഉത്തരകൊറിയ. ഇതിന്റെ ഭാഗമായി ജപ്പാനില്‍ അമേരിക്ക സൈനിക പരിശീലനം നടത്തുന്നുണ്ടെന്നും ഉത്തരകൊറിയ പറഞ്ഞു.

മുഖാമുഖം സമാധാന ചര്‍ച്ച നടത്തിയിതിനുശേഷം മനുഷ്യരെ കൊല്ലാനുള്ള പരിശീലനം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് ഉത്തരകൊറിയ പറഞ്ഞു. ഒരു ഭാഗത്ത് ഉഭയകക്ഷി ചര്‍ച്ചക്ക് തയ്യാറാവുകയും മറുഭാഗത്ത് തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ജപ്പാനില്‍ സൈനിക പരിശീലനം നടത്തുകയുമാണ് അമേരിക്കയെന്നും ഉത്തരകൊറിയയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആരോപണത്തില്‍ പ്രതികരണവുമായി അമേരിക്ക-ജപ്പാന്‍ സംയുക്ത സൈനിക മേധാവി ജോണ്‍ ഹട്ച്ച്‌സണ്‍ രംഗത്തെത്തി. ഉത്തരകൊറിയയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് ജോണ്‍ ഹച്ച്ട്‌സണ്‍ പറഞ്ഞു.

ഞങ്ങളുടെ സഖ്യകക്ഷികള്‍ക്കും മേഖലയിലെ പങ്കാളികള്‍ക്കും പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും വേണ്ടിയുള്ള പിന്തുണ നല്‍കുന്നതിന് എല്ലാ ദിവസവും അമേരിക്കന്‍ കപ്പലുകളും വിമാനങ്ങളും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് ഹച്ച്ട്‌സണ്‍ പറഞ്ഞു. എന്നാല്‍ ഉത്തരകൊറിയയുടെ സൈനിക പരിശീലനം നടത്തുന്നുണ്ടെന്ന ആരോപണത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ഉത്തരകൊറിയയുടെ ആണവനിരായുധീകരണത്തില്‍ യാതൊരു പുരോഗതിയുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഉത്തര കൊറിയയെ ആണവപരീക്ഷണങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ചൈന ഒന്നും ചെയ്യുന്നില്ല. സാമ്പത്തിക ഉപരോധങ്ങള്‍ തുടരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
തുടര്‍ന്നു വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നടത്താനിരുന്ന ഉത്തരകൊറിയന്‍ സന്ദര്‍ശനം ട്രംപ് റദ്ദാക്കുകയും ചെയ്തു.

ആണവനിരായുധീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരുന്നു പോംപിയോ കൊറിയന്‍ സന്ദര്‍ശനം നടത്താനിരുന്നത്. സിംഗപ്പൂരില്‍ നടന്ന കിംട്രംപ് ഉച്ചകോടിയിലെ ധാരണപ്രകാരം നേരത്തെ ഉത്തര കൊറിയ ആണവ നിരായുധീകരണ നടപടികള്‍ തുടങ്ങിയിരുന്നു.

ഉത്തര കൊറിയ ഒരു തരത്തിലുള്ള ആണവഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് ഉന്നുമായുള്ള ജൂണിലെ സിംഗപ്പൂരിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആണവപരീക്ഷണശാലകള്‍ അടച്ചുപൂട്ടുന്നതില്‍ ഉത്തരകൊറിയ സ്വീകരിച്ച മെല്ലെപ്പോക്കാണ് ട്രംപിനെ പ്രകോപിതനാക്കിയിരിക്കുന്നത്.

chandrika: