പ്യോങ്യാങ്: ജപ്പാനു മുകളിലൂടെ പുതിയ വീര്യമേറിയ മധ്യദൂര മിസൈല്‍ വിക്ഷേപിച്ച് അന്താരാഷ്ട്ര സമൂഹത്തെ അമ്പരപ്പിച്ച ഉത്തരകൊറിയ പ്രകോപനം അവസാനിപ്പിക്കുന്നില്ല. അമേരിക്കയുമായുള്ള സൈനിക ശക്തി സന്തുലനമാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.
ഉത്തരകൊറിയക്കെതിരെ സൈനിക നടപടിയെക്കുറിച്ച് സംസാരിക്കാന്‍ യു.എസ് ഭരണാധികാരികള്‍ക്ക് ധൈര്യം ലഭിക്കാത്ത അവസ്ഥയുണ്ടാക്കുമെന്നും ഉന്നിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ പ്രഖ്യാപിച്ചു.
പരിധിയില്ലാത്ത ഉപരോധങ്ങള്‍ക്കിടെയും സമ്പൂര്‍ണ ആണവ ശക്തിയെന്ന ലക്ഷ്യം എങ്ങനെയാണ് കൈവരിക്കുന്നതെന്ന് വന്‍ശക്തി മേലാളന്മാര്‍ക്ക് രാജ്യം കാണിച്ചുകൊടുക്കും-ഉന്‍ പറഞ്ഞു. വെള്ളിയാഴ്ച ജപ്പാനു മുകളിലൂടെ നടത്തിയ മിസൈല്‍ വിക്ഷേപണം ഉന്നിന്റെ സാന്നിദ്ധ്യത്തിലാണ് നടന്നത്. 770 കിലോമീറ്റര്‍ ഉയരത്തില്‍ 3700 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മിസൈല്‍ കടലില്‍ പതിച്ചതെന്ന് ദക്ഷിണകൊറിയന്‍ സേന പറയുന്നു.
അമേരിക്കയുടെ ഗുവാം സൈനിക താവളം വരെ എത്താനും ഈ മിസൈലിന് ശേഷിയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യു.എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്ന് മിസൈല്‍ വിക്ഷേപണത്തെ അപലപിച്ചു. അയല്‍രാജ്യങ്ങളോടും ലോകത്തോട് ഒന്നടങ്കവുമുള്ള നിന്ദയാണ് മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തരകൊറിയ കാണിച്ചിരിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സൈനിക നടപടിക്ക് യു.എസ് സജ്ജമാണെന്ന് മുമ്പത്തേതിനെക്കാള്‍ ആത്മവിശ്വാസം തോന്നുന്നതായും അത് ആവശ്യമാണെന്ന് കുരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പ്രകോപനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാവരും തയാറാകണമെന്ന് റഷ്യയുടെ യു.എന്‍ അംബാസഡര്‍ വാസിലി നെബന്‍സിയ അഭ്യര്‍ത്ഥിച്ചു. പരീക്ഷണങ്ങളും വിക്ഷേപണങ്ങളും പരസ്പര ഭീഷണികളും നിര്‍ത്തിവെക്കണം. അര്‍ത്ഥപൂര്‍ണമായ കൂടിയാലോചനകള്‍ക്ക് റഷ്യ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്ക ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ചൈന കുറ്റപ്പെടുത്തി. ഇപ്പോഴത്തേതിനെക്കാള്‍ കൂടുതലായി അമേരിക്ക ചെയ്യണം. പ്രശ്‌നത്തില്‍ ഫലപ്രദമായ അന്താരാഷ്ട്ര സഹകരണം വേണമെന്നും അമേരിക്കയിലെ ചൈനീസ് അംബാസഡര്‍ കുയി ടിയാന്‍കായ് ആവശ്യപ്പെട്ടു. മിസൈല്‍ വിക്ഷേപണത്തിന് മറുപടിയായി കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് അമേരിക്ക ഒന്നും പറഞ്ഞിട്ടില്ല. ഉത്തരകൊറിയയെ അടക്കിനിര്‍ത്താന്‍ അത്തരം നീക്കങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് പാശ്ചാത്യ ശക്തികളുടെ പൊതു വിലയിരുത്തല്‍.
- 7 years ago
chandrika
Categories:
Views
സൈനിക ശക്തിസന്തുലനം ലക്ഷ്യമെന്ന് ഉത്തരകൊറിയ
Tags: north korea