പ്യോങ്യാങ്: ഉത്തരകൊറിയയിലേക്ക് കൂറുമാറിയ യു.എസ് സൈനികന്‍ ജെയിംസ് ഡ്രെസ്‌നോക് അന്തരിച്ചു. 74-ാമത്തെ വയസില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ മക്കള്‍ സ്ഥിരീകരിച്ചു. മരണം വരെ പിതാവ് ഉത്തരകൊറിയയോട് വിശ്വസ്തത പുലര്‍ത്തിയതായും ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 1962 ആഗസ്റ്റ് 15ന് ഉച്ചസമയത്താണ് ഡ്രെസ്‌നോക് ദക്ഷിണകൊറിയയില്‍നിന്ന് ഉത്തരകൊറിയയിലേക്ക് കടന്നത്. അപ്പോള്‍ അദ്ദേഹം വിവാഹമോചനത്തിന്റെ വക്കിലായിരുന്നു. പട്ടാള വിചാരണയും നേരിടാനിരിക്കെ അപ്രതീക്ഷിതമായാണ് ഡ്രെസ്‌നോക് കൂറുമാറിയത്. കുഴിബോംബുകള്‍ നിറഞ്ഞ അതിര്‍ത്തിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഉത്തരകൊറിയയില്‍ എത്തുമെന്ന് പോലും അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ല. ഉത്തരകൊറിയയില്‍ എത്തിയ ശേഷം അസാധാരണ ജീവിതമാണ് അദ്ദേഹം നയിച്ചത്. ഒരു റുമാനിയന്‍ സ്ത്രീയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ മക്കളായ ടെഡും ജെയിംസ് ജൂനിയറും ജനിച്ചു. ആദ്യ ഭാര്യ മരണപ്പെട്ട ശേഷം 2001ല്‍ ഒരു കൊറിയന്‍ സ്ത്രീയെ വിവാഹം ചെയ്തു. 1970കളുടെ അവസാനം മുതല്‍ ഉത്തരകൊറിയയിലെ സിനിമകളില്‍ അഭിനയിച്ച് ഡ്രെസ്‌നോക് തിളങ്ങി. കൊറിയന്‍ ഭാഷ പഠിച്ച അദ്ദേഹം ഉത്തരകൊറിയന്‍ നേതാക്കളുടെ പല പുസ്തകങ്ങളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. ഉത്തരകൊറിയയിലേക്ക് കൂറുമാറാന്‍ അമേരിക്കന്‍ സൈനികരെ ഉപദേശിച്ച് അതിര്‍ത്തിയില്‍ മുഴങ്ങിയിരുന്നത് അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു. ഡ്രെസ്‌നോകിന്റെ മക്കളും ഉത്തരകൊറിയന്‍ സിനിമകളില്‍ അമേരിക്കക്കാരായി അഭിനയിക്കുന്നുണ്ട്.