X

ഉത്തര കൊറിയയില്‍ വീണ്ടും ആണവ പരീക്ഷണം?; 3.5 തീവ്രതയില്‍ ഭൂചലനം

ബെയ്ജിങ്: ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ആഴ്ച്ചകള്‍ മാത്രം പിന്നിടവെ ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയതായി സംശയം. ചൈനയാണ് സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. റിക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന്് ചൈനയിലെ ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ പ്രകൃത്യാലുള്ളതാണെന്നാണു ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയുടെ വിലയിരുത്തല്‍. ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്തുനിന്ന് 20 കിലോമീറ്ററോളം മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ഇത് പ്രകൃത്യായുലുള്ളതാണോ അല്ലയോയെന്നു ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും യുഎസ്ജിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഭൂചലനത്തെത്തുടര്‍ന്ന് റേഡിയേഷന്‍ നിരക്കില്‍ കാര്യമായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് റഷ്യയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തര കൊറിയയില്‍ ആണവ പരീക്ഷണത്തെത്തുടര്‍ന്നുണ്ടാവുന്ന ഭൂകമ്പങ്ങളില്‍ ഏറ്റവും തീവ്രത കുറഞ്ഞതാണ് ഇത്തവണത്തേത്. 2006ല്‍ ആദ്യ ആണവ പരീക്ഷണത്തില്‍ 4.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്.

അതേസമയം, ഉത്തര കൊറിയ വീണ്ടുമൊരു ആണവപരീക്ഷണം കൂടി നടത്തിയെന്നതു ലോകം ഭീതിയോടെയാണു വീക്ഷിക്കുന്നത്. ഉത്തര കൊറിയയില്‍ ഈയടുത്ത കാലത്ത് ഉണ്ടായ ഭൂചലനങ്ങളെല്ലാം ആണവ പരീക്ഷണങ്ങളായിരുന്നുവെന്നു പിന്നീടു വ്യക്തമായിരുന്നു. സെപ്റ്റംബര്‍ മൂന്നിനായിരുന്നു ഇതിനുമുന്‍പ് ഭൂചലനമുണ്ടായത്. അന്ന് ഹൈഡ്രജന്‍ ബോംബാണ് ഉത്തര കൊറിയ പരീക്ഷിച്ചത്.

chandrika: