സോള്‍: ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന . 10,462 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഒക്ടോബര്‍ 29 വരെ ഓരാള്‍ക്കുപോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കോവിഡ് വ്യാപനം സംബന്ധിച്ച പ്രതിവാര റിപ്പോര്‍ട്ടില്‍ ഡബ്യൂഎച്ച്ഒ വ്യക്തമാക്കി.
നിലവില്‍ രോഗബാധ സംശയിക്കുന്ന 5368 പേരില്‍ എട്ടുപേര്‍ വിദേശികളാണ്. ഒക്ടോബര്‍ 15 മുതല്‍ 22 വരെ 161 പേരെ ക്വാറന്റീന്‍ ചെയ്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. ഒക്ടോബര്‍ 22 വരെ ഇത്തരത്തില്‍ വിട്ടയച്ചത് 32,011 പേരെയാണ്. 846 ഉത്തര കൊറിയന്‍ പൗരന്മാര്‍ക്ക് നേരത്തെ കോവിഡ് സംശയിച്ചിരുന്നു. എന്നാല്‍ അവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവായി.
കോവിഡ് മുക്ത രാജ്യമാണെന്ന് അവകാശപ്പെടുന്ന ഉത്തരകൊറിയ മുന്‍കരുതലിന്റെ ഭാഗമായി അതിര്‍ത്തികളെല്ലാം ഈവര്‍ഷം ആദ്യംതന്നെ അടച്ചിരുന്നു. കോവിഡ് വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായി ചൈന അതിര്‍ത്തി കടന്നെത്തുന്നവരെ വെടിവച്ചു കൊല്ലാന്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.