കൊച്ചി:ഉത്തരേന്ത്യയില്‍ ശൈത്യത്തിനു പിന്നാലെ കാലാവസ്ഥ ചൂടിലേക്ക് മാറുന്നു. കാലവര്‍ഷം ആദ്യം വിടവാങ്ങിയ രാജസ്ഥാനിലും ഗുജറാത്തിലും ചൂട് 40 ഡിഗ്രി കടന്നു. ഫെബ്രുവരി മൂന്നാം വാരത്തില്‍ തന്നെ 40 ഡിഗ്രി ചൂട് ദക്ഷിണേന്ത്യയിലേക്കും എത്തുകയാണെന്ന് കാലാവസ്ഥാ വിദഗ്ധരുടെ കൂട്ടായ്മയായ മെറ്റബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് മുതല്‍ ഗോവയിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും ചൂട് കൂടാനാണ് സാധ്യത. ഈ സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ 40 ഡിഗ്രി ചൂട് പ്രതീക്ഷിക്കാം.
വടക്കന്‍ കേരളത്തിലും തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് ചൂട് കൂടുമെന്നാണ് പ്രവചനം. അറബിക്കടലിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ രൂപപ്പെട്ട അതിമര്‍ദമാണ് വരണ്ട ചൂടുള്ള കാറ്റിനെ ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയിലെത്തിക്കുന്നത്. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങളിലെ വരണ്ട കാറ്റിനെ രാജ്യവ്യാപമായി എത്തിക്കാന്‍ ഇത് കാരണമാകും. ഹിമാലയന്‍ മേഖലയില്‍ പശ്ചിമവാതത്തിന്റെ സ്വാധീനം മഴക്കും മഞ്ഞുവീഴ്ചക്കും കാരണമാകും.