ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രൂക്ഷമായി തുടരുന്ന പ്രളയക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 55 ആയി. ഏകദേശം 70 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. പ്രളയക്കെടുതി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ മഴയിലും മിന്നലിലും മരണ സംഖ്യ 14 ആയി. മിസോറാമിലും മേഘാലയിലും ത്രിപുരയിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു.
മഴക്കെടുതിയില്‍ അസമില്‍ മാത്രം 20 പേരാണ് മരിച്ചത്. അസമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബ്രഹ്മപുത്ര, കോസി, കമല, ഗംഗ തുടങ്ങിയ നദികള്‍ കര കവിഞ്ഞതോടെ അസം, ബിഹാര്‍, യുപി സംസ്ഥാനങ്ങളിലെ നാലായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. അസമില്‍ ഒരു ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ബിഹാറിലെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ബിഹാറില്‍ മാത്രം 33 പേരാണ് മരിച്ചത്. സീതാമാര്‍ഹി, അരാരിയ ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്പത് വര്‍ഷത്തിനിടെ ബിഹാര്‍ നേരിടുന്ന വലിയ പ്രളയമാണിത്. സംസ്ഥാനത്ത് 199 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നെന്ന് ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാ!ര്‍ നിയമസഭയെ അറിയിച്ചു.