സിംഗപ്പൂര്‍ സിറ്റി: തെക്കന്‍ ചൈനാ കടലിലെ തര്‍ക്ക മേഖലയില്‍ കൃത്രിമമായി നിര്‍മിച്ച ദ്വീപുകള്‍ സൈനികവവത്കരിക്കാനുള്ള ചൈനീസ് നീക്കം അമേരിക്ക അംഗീകരിക്കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. തല്‍സ്ഥിതിക്ക് ബലമായി മാറ്റംവരുത്താനുള്ള ചൈനയുടെ ഏകപക്ഷീയ ശ്രമങ്ങള്‍ സ്വീകാര്യമല്ലെന്ന് അദ്ദേഹം സിംഗപ്പൂരില്‍ പറഞ്ഞു.
പ്രകൃതിവിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ തെക്കന്‍ ചൈന കടലില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. ലോകത്തെ പ്രധാന കപ്പല്‍ പാതകളിലൊന്നാണ് ഇത്. മേഖലയില്‍ മേധാവിത്വം സ്ഥാപിക്കാനുള്ള ചൈനീസ് നീക്കങ്ങളെ തുടര്‍ന്നും എതിര്‍ക്കുമെന്ന് മാറ്റിസ് കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയുടെ മിസൈല്‍, ആണവ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ചൈനയുമായി ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കിക്കൊണ്ടുള്ള പ്രമേയം യു.എന്‍ രക്ഷാസമിതി ഐകകണ്‌ഠ്യേന അംഗീകരിച്ചിരുന്നു. യു.എസ്-ചൈന ബന്ധങ്ങള്‍ ശരിയായ ദിശയിലാണ് ഇപ്പോഴുള്ളതെന്ന് മാറ്റിസ് വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കിടയില്‍ കിടമത്സരം ആകാവുന്നതാണ്. സംഘട്ടനം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെക്കന്‍ ചൈനാ കടലിലെ അവകാശത്തര്‍ക്കങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1940കളിലെ ഭൂപടം അനുസരിച്ച് തെക്കന്‍ ചൈനാ കടല്‍ തങ്ങളുടേതാണന്ന് ചൈന അവകാശപ്പെടുന്നു. എന്നാല്‍ ജപ്പാന്‍, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, തായ്‌വാന്‍, ബ്രൂണെ തുടങ്ങിയ രാജ്യങ്ങള്‍ ഇത് അംഗീകരിക്കുന്നില്ല.