സ്വകാര്യ പാരാമെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ ഒരാള്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. ഈ വിദ്യാര്‍ഥി രോഗലക്ഷണങ്ങള്‍ മറികടന്ന് ആരോഗ്യസ്ഥിതി വീണ്ടെടുത്തതായി മെഡിക്കല്‍ ഓഫീസര്‍.
ഈമാസം നാലിന് അയച്ച 12 സാമ്പിളുകളുടെ ഫലമാണ് അറിഞ്ഞത്. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലാണ് പരിശോധിച്ചത്. നേരത്തേ രോഗലക്ഷണങ്ങള്‍ കാണിച്ചവരടക്കമുള്ള വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. ഒരാള്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതിനാല്‍ ചെറിയ രോഗലക്ഷണമുള്ളവരെയും ചൊവ്വാഴ്ച പരിശോധിക്കാനാണ് തീരുമാനം.
രണ്ടാഴ്ച മുന്‍പാണ് കോളേജിലെ മറ്റൊരു വിദ്യാര്‍ഥിനിക്ക് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോളേജ് ഹോസ്റ്റലിലെ 55 വിദ്യാര്‍ഥികളെ നിരീക്ഷണത്തിലാക്കി. ഇതില്‍ മറ്റ് 12 പേരുടെ സാമ്പിളുകള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധിച്ചിരുന്നു.
ഷിഗെല്ല, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവ ഉണ്ടോയെന്ന് ഉറപ്പാക്കാന്‍ നടത്തിയ ഈ പരിശോധനകളില്‍ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു.വയറിളക്കം, ഛര്‍ദി തുടങ്ങിയവയുമായി വിദ്യാര്‍ഥികള്‍ ആശുപത്രികളിലെത്തിയതോടെയാണ് ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. ഇതിലൊരാള്‍ക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്.