ദാവുദ് മുഹമ്മദ്
കണ്ണൂര്‍: മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള രണ്ടു ലക്ഷത്തോളം അപേക്ഷകള്‍ ഫ്രീസറില്‍. അപേക്ഷ നല്‍കി കാത്തിരിക്കുന്ന മൂന്ന് ലക്ഷത്തോളം പേരില്‍ ഒരു ലക്ഷം പേര്‍ക്കുമാത്രമാണ് ഏഴുമാസം കഴിഞ്ഞിട്ടും സഹായം നല്‍കിയത്. ബാക്കിയുള്ളവരുടെ അപേക്ഷയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് തീരുമാനമായില്ല.
ജനുവരി ഒന്നിനും മാര്‍ച്ച് 22നും ഇടയില്‍ നാട്ടിലെത്തി തിരിച്ചുപോകാന്‍ കഴിയാത്ത പ്രവാസികള്‍ക്കാണ് നോര്‍ക്ക റൂട്‌സ് വഴി സര്‍ക്കാര്‍ 5000രൂപ ധനസഹായം പ്രഖ്യാപിച്ചത്. ഇതിനുള്ള അപേക്ഷ നോര്‍ക്കയുടെ വെബ്‌സൈറ്റ് വഴിയാണ് സ്വീകരിച്ചത്. മെയ് അഞ്ചുവരെ മൂന്ന് ലക്ഷത്തോളം പേരാണ് അപേക്ഷിച്ചത്. ഇതില്‍ ഒരു ലക്ഷം പേര്‍ക്കുമാത്രമാണ് ഇതുവരെ സഹായം ലഭിച്ചത്. മറ്റുള്ളവര്‍ക്ക് എപ്പോള്‍ ലഭിക്കുമെന്ന് വ്യക്തമല്ല. പ്രവാസികളില്‍ നിന്ന് പാസ് പേര്‍ട്ട് കൈക്കലാക്കി ഏജന്റുമാര്‍ വ്യാജ അപക്ഷകള്‍ സമര്‍പ്പിക്കുന്നതിനാല്‍ വില്ലേജ് ഓഫീസ് വഴി പരിശോധന നടത്തുമെന്ന് നേരത്തെ നോര്‍ക്ക പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇതും കാര്യക്ഷമായി നടത്തിയിട്ടില്ല. പ്രവാസികളുടെ അപേക്ഷയില്‍ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ രേഖപ്പെടുത്തിയവര്‍ക്കാണ് സഹായം ലഭിക്കാത്തതെന്നാണ് നോര്‍ക്കയുടെ വിശദീകരണം. എന്നാല്‍ നാട്ടിലുള്ള അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ നിരവധി പേര്‍ക്ക് ഇതുവരെ സഹായം ലഭിച്ചിട്ടില്ല. ഇത്തരക്കാര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം നല്‍കുമെന്ന് നോര്‍ക്ക അറിയിച്ചു. എന്നാല്‍ പുതിയ അപേക്ഷ സ്വീകരിക്കില്ല. ഇതുവരെ അമ്പത് കോടി രൂപ പ്രവാസികളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് നോര്‍ക്ക പിആര്‍ഒ സലിന്‍ മാങ്കുഴി അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലബാറില്‍ നിന്നാണ്. ഇതില്‍ ഏറിയ പങ്കും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ്. മലപ്പുറത്ത് 18512 പേര്‍ക്കും കോഴിക്കോട് 14211 പേര്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ട്. മലബാറില്‍ നിന്നുമാത്രം ഒന്നരലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ പകുതി പോലും വിതരണം ചെയ്യാന്‍ നോര്‍ക്കയ്ക്ക് കഴിഞ്ഞിട്ടില്ല.
സഹായം ലഭിച്ചവര്‍ ജില്ലതിരിച്ച്
തിരുവനന്തപുരം8452
കൊല്ലം8884
പത്തനംതിട്ട2213
കോട്ടയം2460
ആലപ്പുഴ5493
എറണാകുളം2867
പാലക്കാട്6647
തൃശൂര്‍10830
ഇടുക്കി523
കോഴിക്കോട്14211
മലപ്പുറം18512
വയനാട്1281
കണ്ണൂര്‍11006
കാസര്‍കോട്6621