X

നിലക്കാത്ത ജനപ്രവാഹം

കെ.പി നിഷാദ്
മലപ്പുറം

ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ മലപ്പുറത്തേക്ക് പ്രവഹിച്ച് കേരളീയ ജനത. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ സംസ്ഥാനത്തെ എല്ലാ പാതകളും പാണക്കാട്ടേക്ക് ലക്ഷ്യം വെച്ചു. ഒരു മണിയോടെ പാണക്കാട് വീടും പരിസരവും തങ്ങളുടെ പ്രിയപ്പെട്ടവരെ കൊണ്ട് നിറഞ്ഞു. അഞ്ച് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്ന് അറിഞ്ഞതോടെ രണ്ട് മണിയോടെ ടൗണ്‍ഹാള്‍ പരിസരവും നിറഞ്ഞു. പതിനായിരക്കണക്കിനാളുകളാണ് ടൗണ്‍ഹാള്‍ പരിസരത്ത് എത്തിയത്. മലപ്പുറം നഗരത്തില്‍ പ്രിയ നേതാവിന്റെ നിര്യാണ വാര്‍ത്തയറിഞ്ഞെത്തിയവര്‍ ജനസമുദ്രം തീര്‍ത്തു. മൂന്ന് മണിയോടെ നഗരത്തിലേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. പതിനായിരക്കണക്കിനാളുകളാണ് കടുത്ത ചൂടും ട്രാഫിക് ബ്ലോക്കും വകവെക്കാതെ ടൗണ്‍ഹാള്‍ പരിസരത്തെത്തിയത്. ആറ്റപ്പൂ തങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം അവസാന നോക്ക് കാണാന്‍ കിലോമീറ്ററുകള്‍ നടന്നാണ് പലരും ടൗണ്‍ഹാള്‍ പരിസരത്തിലെത്തിയത്. പ്രതിസന്ധി ഘട്ടത്തില്‍ തണലായിരുന്ന, ആവലാതികളിലും പ്രയാസങ്ങളിലും അത്താണിയായിരുന്ന തങ്ങളുടെ വിട വാങ്ങല്‍ നികത്താനാവാത്ത ശൂന്യതയാണ് ഓരോ ആളുകളിലുമുണ്ടാക്കിയത്.

അങ്കമാലി പള്ളിയില്‍ നിന്നും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. മകന്‍ സയ്യിദ് നഈമലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മയ്യിത്ത് നിസ്‌കരിച്ചു. തുടര്‍ന്ന് മൂന്ന് മണിക്ക് തങ്ങളെ വഹിച്ച ആംബുലന്‍സ് മലപ്പുറത്തേക്ക് പുറപ്പെട്ടു. 5.45 ഓടെ തങ്ങളുടെ വസതിയായ ദാറുല്‍ നഈമിലേക്കാണ് ആദ്യമെത്തിയത്. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍ പാണക്കാട് വീട്ടില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് 6.40 ഓടെ ജനനിബിഡമായ ടൗണ്‍ഹാളിലെത്തിച്ചു.
ടൗണ്‍ഹാളില്‍ നടന്ന ആദ്യത്തെ മയ്യിത്ത് നിസ്‌കാരത്തിന് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പ്രിയനേതാവിനെ കാണാനും മയ്യിത്ത് നമസ്‌കരിക്കാനും ജനങ്ങളൊഴുകിയെത്തിയ രാത്രി വൈകിയും നമസ്‌കാരം തുടര്‍ന്നുകൊണ്ടേയിരുന്നു.

Test User: