X

നിലക്കാതെ ജനപ്രവാഹം ‘സിതാര’യിലേക്ക്; എംടിയ്ക്ക് അന്ത്യനിദ്രയൊരുക്കുക ‘സ്മൃതിപഥത്തില്‍’

കോഴിക്കോട്: എംടിയുടെ ‘സിതാര’യിലേക്ക് നിലക്കാതെ ജനപ്രവാഹം ഒഴുകികൊണ്ടിരിക്കുകയാണ്. സിനിമ- സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ നിരവധി പേര്‍ എംടിയെ അവസാനമായി കാണാന്‍ എത്തിയിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡിലെ ‘സ്മൃതിപഥം’ ശ്മാശാനത്തിലാണ് എംടിയുടെ സംസ്‌കാര ചടങ്ങുകള്‍.

പികെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എം.പിയും എംടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു. സംവിധായകന്‍ ഹരിഹരന്‍, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, വിനീത്, ജോയ് മാത്യു എന്നിവരും, എഴുത്തുകാരായ പി.കെ. പാറക്കടവ്, കല്‍പറ്റ നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെആര്‍ മീര, സാറ ജോസഫ്, ടി പത്മനാഭന്‍, യു.കെ. കുമാരന്‍, എം.എം. ബഷീര്‍, കെ.പി. സുധീര, പി.ആര്‍. നാഥന്‍, കെ.സി. നാരായണന്‍, ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള തുടങ്ങിയവരും സിതാരയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

മരണാന്തര ചടങ്ങുകള്‍ സംബന്ധിച്ച് നേരത്തെ തന്നെ എംടി കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുപ്രകാരം വീട്ടില്‍ ഹൈന്ദചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയതിന് ശേഷം നാല് മണിയോടെയാണ് മൃതദേഹം ശ്മാശാനത്തിലേക്ക് കൊണ്ടുവരിക. വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ ആംബുലസിലാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം അഞ്ച് മണിയോടെയാവും സംസ്‌കാരം നടക്കുക.

webdesk18: