X
    Categories: keralaNews

വഖഫ് ബോര്‍ഡിലെ മുസ്‌ലിം ഇതര നിയമനം; ജീവനക്കാരെ അമുസ്‌ലിംകളാക്കി പ്രചാരണം

കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം ഇതര ജീവനക്കാരനെ നിയമിച്ചതിന് എതിരായ പ്രതിഷേധം തണുപ്പിക്കാന്‍ ജീവനക്കാരെ അമുസ്‌ലിംകളാക്കി പ്രചാരണം. സി.ഇ.ഒ വി.എസ് സക്കീര്‍ ഹുസൈന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി തൃശൂര്‍ എല്‍തുരുത്ത് ആലപ്പാട്ട് എ.പി സാല്‍മോനെ കഴിഞ്ഞ ദിവസം നിയമിച്ചതിനെ കുറിച്ച് പ്രതികരിക്കാന്‍ വകുപ്പ് മന്ത്രിയോ ചെയര്‍മാനോ തയാറായിട്ടില്ല. ദേവസ്വത്തില്‍ ജീവനക്കാരായി ഹിന്ദുക്കളെ മാത്രം നിയമിക്കുന്നതുപോലെ വഖഫ് ബോര്‍ഡ് ജീവനക്കാരായി മുസ്‌ലിം ഇതര വിഭാഗത്തില്‍ നിന്ന് ഇതുവരെ ആരെയും നിയമിച്ചിരുന്നില്ല.

രാജ്യത്ത് ആദ്യമായി വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര ജീവനക്കാരനെ നിയമിച്ച് കേരള സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് നിലവിലെ ജീവനക്കാരില്‍ ചിലരെ അമുസ്‌ലിംകളാക്കി പ്രചാരണം അഴിച്ചുവിടുന്നത്. കുടുംബശ്രീ വഴി ചട്ടവും നിയമവും അനുസരിച്ച് സ്വീപ്പര്‍ തസ്തികകളില്‍ ചിലരെ നിയമിച്ചതൊഴിച്ചാല്‍, വഖഫ് സ്വത്ത് സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന വിശ്വാസികളെ മാത്രമാണ് ഇതുവരെ നിയമിച്ചിരുന്നത്. ഡിവിഷണല്‍ ഓഫീസര്‍ സി.എം.മഞ്ജു, എല്‍.ഡി സ്റ്റെനോഗ്രാഫര്‍ പി.എ.ബെന്‍സി എന്നിവരെ പേരിലെ വ്യത്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം. മഞ്ജുവിന്റെ പിതാവും ഭര്‍ത്താവും യഥാക്രമം കലൂര്‍ മുസ്‌ലിം ജമാഅത്തിലെ അംഗങ്ങളായ മുഹമ്മദ് അബ്ദുറഹിമാനും ഷജീറുമാണ്.

ബെന്‍സിയുടെ പിതാവും ഭര്‍ത്താവും യഥാക്രമം പറവൂര്‍ പെരും പടന്ന മുസ്‌ലിം ജമാഅത്തിലെ അംഗങ്ങളായ അബ്ദുല്‍ ഖാദറും നാസറുമാണ്. വഖഫ് സംരക്ഷം ഉറപ്പാക്കാന്‍ യു.ഡി. എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 2006ല്‍ ഇറക്കിയ മുസ്‌ലിം സമുദായത്തില്‍പെട്ടവരെ മാത്രമേ വര്‍ക്ക് ബോര്‍ഡിലെ അനുവദിക്കപ്പെട്ട തസ്തികകളില്‍ നിയമിക്കാന്‍ കഴിയുമായിരുന്നുള്ളൂവെന്ന ഉത്തരവ് റദ്ദാക്കിയാണ് പുതിയ നിയമനം.

2020 ഏപ്രില്‍ 27ന് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടുകൊണ്ട് ഗസറ്റില്‍ പ്രസിദ്ധീകരിച്ച 2020 മാര്‍ച്ച് 20 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഭേദഗതി റെഗുലേഷനില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ മാത്രം നിയമിക്കാന്‍ കഴിയുകയുള്ളൂവെന്ന വ്യവസ്ഥ നീക്കം ചെയ്താണ് വഖഫ് ബോര്‍ഡിലും ഇതര നിയമനം സൃഷ്ടിക്കാനുള്ള ശ്രമം. വഖഫ് സ്ഥാപനങ്ങളിലെ വരുമാനത്തിന്റെ വിഹിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ കേരളത്തില്‍ മാത്രം പി.എസ്.സി വഴിയാക്കിയതിന്റെ ദുഷ്ടലാക്ക് മുസ്്‌ലിം വിരുദ്ധതയും സംവരണ അട്ടിമറിയും ഒരേ സമയം ലക്ഷ്യമിട്ടാണെന്നത് വ്യക്തമാകുന്നതാണ് സി.ഇ.ഒയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി ഇതര മതസ്ഥന്റെ നിയമനം.

Chandrika Web: