ലഖ്‌നോ: 2025 ജനുവരി 13 മുതല്‍ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ അഹിന്ദുക്കളായവര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി നല്‍കരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവ് മഹന്ത് രവീന്ദ്ര പുരി. കുംഭമേള നടക്കുന്ന പരിസര പ്രദേശത്ത് പാനീയങ്ങളും പൂക്കളും വില്‍ക്കുന്ന സ്റ്റാളുകളിടാന്‍ അഹിന്ദുക്കളായ കച്ചവടക്കാര്‍ക്ക് അനുമതി നല്‍കരുതെന്നും അത്തരക്കാര്‍ക്കും കടകള്‍ നടത്താന്‍ അനുമതി നല്‍കിയാല്‍, തുപ്പിവെച്ചും മൂത്രമൊഴിച്ചും അവര്‍ പരിഭാവനമായ സ്ഥലം അശുദ്ധമാക്കുമെന്നും രവീന്ദ്ര പുരി വിദ്വേഷ പരാമര്‍ശം നടത്തി.
നമ്മുടെ വിശ്വാസം മനോഹരമാണ്. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ ചിലരുടെ വികാരങ്ങള്‍ വ്രണപ്പെടുകയും ലോകവ്യാപകമായി തെറ്റായ സന്ദേശം വ്യാപിക്കുകയും ചെയ്യും. അതിനാല്‍ പവിത്രമായ ആഘോഷം നടക്കുന്ന സന്ദര്‍ഭത്തില്‍ അഹിന്ദുക്കളെ ഇവിടെ നിന്ന് അകറ്റിനിര്‍ത്തണം. ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും രവീന്ദ്ര പുരി ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തെ പ്രധാനമന്ത്രിയുടെ അവസാന മന്‍ കീ ബാത്തില്‍ രാജ്യത്ത് ഐക്യവും സാഹോദര്യവും കാത്തു സൂക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവിന്റെ വിഷം തുപ്പല്‍. സമൂഹത്തില്‍ ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്നതില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. വരാനിരിക്കുന്ന പ്രയാഗ് രാജിലെ കുംഭമേളയെ കുറിച്ചും പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.
കുംഭമേള വൈവിധ്യത്തിന്റെ അതുല്യമായ കാഴ്ച്ചയാണ്. ഇത്തരത്തിലുള്ള ആത്മീയ ഉല്‍സവങ്ങള്‍ ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമാണ് തുറന്നുകാട്ടുന്നതെന്നും എവിടെയും ഒരുതരത്തിലുള്ള വിവേചനവും നടക്കുന്നില്ലെന്നും എല്ലാവരെയും ഒരേ പോലെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
കോടിക്കണക്കിന് ആളുകളാണ് കുംഭമേളക്ക് എത്തുന്നത്. ലക്ഷക്കണക്കിന് സന്യാസിമാര്‍, വിവിധ വിഭാഗങ്ങളിലുള്ളവര്‍ എന്നിങ്ങനെ എല്ലാവരും ഈ ഉത്സവത്തിന്റെ ഭാഗമാകുന്നു. ഒരിടത്തും വിവേചനമില്ല. ആരും അവിടെ വലിയവരല്ല, ആരും ചെറുതുമല്ല. ലോകത്തിന്റെ മറ്റൊരു ഭാഗത്തും ഇത്തരത്തിലുള്ള വൈവിധ്യം കാണാന്‍ സാധിക്കുകയില്ലെന്നും മോദി അവകാശപ്പെടുകയുണ്ടായി.
അഹിന്ദുക്കളായ കച്ചവടക്കാരെ കുംഭമേള നടക്കുന്ന ഇടങ്ങളിലേക്ക് പ്രവേശിപ്പിക്കരുരെന്ന അഖില ഭാരതീയ അഖാര പരിഷത്തിന്റെ നിര്‍ദേശത്തിനെതിരെ ആള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത് രംഗത്തുവന്നിരുന്നു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതാണ് അത്തരം നീക്കമെന്നും അവര്‍ വാദിക്കുകയും ചെയ്തു.