X

പുതിയ തദ്ദേശസ്ഥാപനങ്ങള്‍ രൂപീകരിക്കാത്ത നടപടി അധികാര വികേന്ദ്രീകരണത്തെ ദുര്‍ബലപ്പെടുത്തും: ഡോ.എം.കെ.മുനീര്‍

സംസ്ഥാനത്ത് 2015 ന് ശേഷം പുതിയ മുനിസിപ്പാലിറ്റികളോ പഞ്ചായത്തുകളോ രൂപീകരിക്കാത്ത സർക്കാർ നടപടി അധികാര വികേന്ദ്രീകരണത്തെ ദുർബലപ്പെടുത്തുമെന്ന് മുസ്‌ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ.എം.കെ.മുനീർ എം.എൽ.എ അഭിപ്രായപ്പെട്ടു. ലോക്കൽ ഗവൺമെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച മുൻ മന്ത്രി കെ.കുട്ടി അഹമ്മദ് കുട്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസംഖ്യയുടെ ബാഹുല്യത്താൽ പ്രയാസപ്പെടുന്ന നിരവധി തദ്ദേശ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. സേവനങ്ങൾ കാര്യക്ഷമമായും വേഗതയിലും ഉറപ്പാക്കുന്നതിന് വലിയ പഞ്ചായത്തുകൾ വിഭജിക്കുകയോ നഗരസ്വഭാവമുള്ളവ മുനിസിപ്പാലിറ്റികളാക്കി ഉയർത്തുകയോ ചെയ്യേണ്ടതുണ്ട്. ജനങ്ങളുടെ സൗകര്യം പരിഗണിച്ച് കുടുതൽ തദ്ദേശസ്ഥാപനങ്ങൾ രൂപീകരിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. ഇതിൽ നിന്നും ഒളിച്ചോടുന്ന നടപടി പ്രാദേശിക ഭരണ സംവിധാനത്തെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രാദേശിക ഭരണസംവിധാനം കരുത്തുറ്റതാക്കുന്നതിൽ കുട്ടി അഹമ്മദ് കുട്ടിയുടെ ചിന്തകളും ഇടപെടലുകളും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങൾ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിൻറെ ചിന്തകൾക്ക് പങ്കുണ്ട്. നിയമസഭ അംഗമെന്ന നിലയിലും മന്ത്രി എന്ന നിലയിലും ഈ മേഖലയിൽ അദ്ദേഹം ഇടപെടലുകൾ എക്കാലത്തും ഓർക്കപ്പെടും. അപ്രായോഗികമെന്ന് കരുതി പലരും ഉപേക്ഷിക്കുന്ന പദ്ധതികൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന മികവ് ശ്രദ്ധേയമാണ്.
പ്രസിഡണ്ട് കെ.ഇസ്മാഈൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യു.സി.രാമൻ അനുസ്മരണ പ്രഭാഷണം നടത്തി. എൽ.ജി.എം.എൽ ഭാരവാഹികളായ അഡ്വ.എ.കെ.മുസ്തഫ, മുഹമ്മദ് ബഷീർ വയനാട്, പി.ഷമീമ ടീച്ചർ, ശരീഫ് പറവൂർ, എം.എ.കരീം ഇടുക്കി, അഷ്‌റഫ് അമ്പലത്തിങ്ങൽ, ഗഫൂർ മാട്ടൂൽ, നവാസ് മുണ്ടകത്ത്, റിയാസ് പ്ലാമൂട്ടിൽ,ആബിദ ശരീഫ്, സുഫൈജ അബൂബക്കർ, എ പി മജീദ് മാസ്റ്റർ ,വി.പി.ഇബ്രാഹീംകുട്ടി പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.കെ.ഷറഫുദ്ദീൻ സ്വാഗതവും സെക്രട്ടറി കെ.പി വഹീദ നന്ദിയും പറഞ്ഞു.

webdesk13: