X
    Categories: CultureMoreViews

അവിശ്വാസപ്രമേയം ചര്‍ച്ചക്ക് വന്നാല്‍ മോദി സര്‍ക്കാറിന് സംഭവിക്കുന്നത്‌

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ അതിജീവിക്കാന്‍ കഴിയുമായിരുന്നിട്ടും പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മോദി സര്‍ക്കാര്‍ ഭയപ്പെടുന്നതെന്തുകൊണ്ടാണ്? കേവലം പ്രതിപക്ഷ ബഹളം മാത്രമാണോ പ്രമേയം ചര്‍ച്ചക്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കുന്നത്. അത് മാത്രമല്ലെന്നാണ് ഈ വിഷയം ആഴത്തില്‍ പരിശോധിക്കുമ്പോള്‍ മനസിലാവുക. കേവല ഭൂരിപക്ഷമുള്ള പാര്‍ട്ടിയായി കൊട്ടിഘോഷിച്ച് അധികാരത്തിലേറിയ ബി.ജെ.പി അധികാരത്തില്‍ നാലരവര്‍ഷം പിന്നിടുമ്പോള്‍ സാങ്കേതികമായി മാത്രമാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരുന്നത്.

അധികാരത്തിലെത്തിയതിന് ശേഷം എട്ട് സീറ്റുകളാണ് ഉപതെരഞ്ഞെടുപ്പുകളിലൂടെ ബി.ജെ.പിക്ക് നഷ്ടമായത്. അവസാനം ബി.ജെ.പിയുടെ ഉരുക്ക് കോട്ടയായ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ സീറ്റുകള്‍ കൂടി നഷ്ടമായതോടെ ബി.ജെ.പിയുടെ സീറ്റുകള്‍ 274 ആയി കുറഞ്ഞു. ഇതില്‍ രണ്ടുപേര്‍ മോദി വിരുദ്ധരായ യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയുമാണ്. അവര്‍ അവിശ്വാസപ്രമേയം വോട്ടിംഗിന് വന്നാല്‍ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ ഫലത്തില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്.

എണ്ണിയാലൊടുങ്ങാത്ത വാഗ്ദാനങ്ങളുമായാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. നാലരവര്‍ഷം പിന്നിടുമ്പോള്‍ അവകാശവാദങ്ങളുടെ ഏഴയലത്തുപോലും എത്തിയില്ലെന്ന് മാത്രമല്ല രാജ്യം വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് അവിശ്വാസപ്രമേയം ചര്‍ച്ചക്കെത്തുന്നത്. അതുകൊണ്ട് തന്നെ നാലരവര്‍ഷത്തെ മോദി ഭരണത്തെ രാജ്യത്തിന് മുന്നില്‍ തുറന്നു കാണിക്കാനുള്ള അവസരമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. ഇത് തിരിച്ചറിയുന്നത് കൊണ്ട് തന്നെയാണ് അവിശ്വാസപ്രമേയം ചര്‍ച്ചക്കെത്തുന്നതിനെ മോദി ഭയക്കുന്നത്.

അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും പ്രമേയം ചര്‍ച്ചക്കെടുക്കാതെ മോദി സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. ടി.ആര്‍.എസ്, അണ്ണാ ഡി.എം.കെ കക്ഷികള്‍ ബഹളം വെക്കുന്നുവെന്നാണ് സ്പീക്കര്‍ പ്രമേയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ടി.ആര്‍.എസ് അംഗങ്ങള്‍ സീറ്റിലേക്ക് മടങ്ങിയിട്ടും അണ്ണാ ഡി.എം.കെ അംഗങ്ങള്‍ ബഹളം തുടര്‍ന്നതാണ് സ്പീക്കര്‍ തടസമായി പറയുന്നത്. അനൂകൂലിക്കുന്നവരുടെ എണ്ണമെടുക്കാന്‍ കഴിയാത്തതാണ് കാരണമെന്നാണ് സ്പീക്കര്‍ പറയുന്നത്. ഈ വാദത്തെ മറികടക്കാന്‍ കഴിഞ്ഞ ദിവസം അനുകൂലിക്കുന്നവര്‍ നീല നിറത്തിലുള്ള ബാനറുകളുമായി എത്തിയെങ്കിലും സ്പീക്കര്‍ പതിവ് പല്ലവി ആവര്‍ത്തിച്ച് സഭ അവസാനിപ്പിക്കുകയായിരുന്നു.

അണ്ണാ ഡി.എം.കെ അംഗങ്ങളെ മുന്നില്‍ നിര്‍ത്തി മോദി സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കെ.സി വേണുഗോപാല്‍ ലോകസഭയില്‍ ഇത് പരസ്യമായി പറഞ്ഞതിനെ തുടര്‍ന്ന് അണ്ണാ ഡി.എം.കെ അംഗങ്ങള്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ മുതിര്‍ന്നിരുന്നു. സഭ പിരിഞ്ഞതിനെ തുടര്‍ന്ന് ‘മാച്ച് ഫിക്‌സിങ്’ എന്ന് വിളിച്ചു പറഞ്ഞതാണ് അണ്ണാ ഡി.എം.കെ അംഗങ്ങളെ പ്രകോപിപ്പിച്ചത്. അതിനിടെ സ്പീക്കര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

കോണ്‍ഗ്രസ്, മുസ്ലിംലീഗ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി തുടങ്ങിയ കക്ഷികളാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ആര്‍.ജെ.ഡി തുടങ്ങിയ കക്ഷികള്‍ അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: