മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പു കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് പുതിയ വകുപ്പ് ചുമത്തിയിട്ടുള്ളത്.
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണവും മൊബൈല്‍ ഫോണും നല്‍കി ഭീഷണിപ്പെടുത്തി എന്നതാണ് കേസ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള കാരണം മാധ്യമങ്ങളിലൂടെയായിരുന്നു സുന്ദര വെളിപ്പെടുത്തിയത്. താന്‍ മത്സരിച്ചാല്‍ വോട്ട് കുറയുമെന്ന് ഭയത്തോടെയായിരുന്നു ബിജെപി തന്നെ സമീപിച്ചതെന്നും സുന്ദര പറഞ്ഞിരുന്നു. രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണുമായിരുന്നു കോഴയായി നല്‍കിയത്.
ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ച കേസില്‍ ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. കേസില്‍ സുരേന്ദ്രന്‍ അടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.