X

കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ്സിടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

പാലക്കാട് കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഡ്രൈവര്‍ സി എസ് ഔസേപ്പിനെതിരെ ഐപിസി 304 വകുപ്പ് ചുമത്തിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

2022 ഫെബ്രുവരി 7നാണ് കെ.എസ്.ആര്‍.ടി. സി ബസ് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചത്. പാലക്കാട് നിന്നും വടക്കഞ്ചേരിക്ക് സര്‍വീസ് നടത്തിയ ബസാണ് കുഴല്‍മന്ദം വെള്ളപ്പാറ സംഗമം ഹോട്ടലിന് സമീപം അപകടമുണ്ടാക്കിയത്. കോയമ്പത്തൂരില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന യുവാക്കളാണ് മരിച്ചത്.

ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ പിറകില്‍വന്ന കാറിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞ വീഡിയോ പരിശോധിച്ചതിലാണ് യഥാര്‍ത്ഥ കാരണം വ്യക്തമായത്. ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും ലോറിയെ മറികടക്കാനായി കെ.എസ്.ആര്‍.ടി.സി ബസ് വലതുവശത്തേക്ക് വരുന്നതും ഇരുവാഹനങ്ങള്‍ക്കിടയിലും അകപ്പെട്ട ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് വീഴുന്നതും വീഡിയോയില്‍ വ്യക്തമായി പതിഞ്ഞിരുന്നു.

Test User: