തിരുവനന്തപുരം: ആൽഎൽവി രാമകൃഷ്ണന് എതിരായ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് കന്റോൺമെന്റ് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. യുട്യൂബ് ചാനൽ അഭിമുഖത്തില്‍ സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളിൽ എസ്സി /എസ്ടി പീഡന നിരോധന നിയമം പ്രകാരമാണ് കേസ്.
യുട്യൂബ് ചാനൽ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശങ്ങൾ നടത്തിയത്. പിന്നാലെയാണ് ആർഎൽവി രാമകൃഷ്ണൻ പരാതി നൽകി. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ രാമകൃഷ്ണൻ പറയുന്നത്. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കിയിരുന്നു.
അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് പൊലീസ് മേധാവിക്ക് പട്ടികജാതി–പട്ടികവർഗ കമ്മിഷൻ കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചെന്നും സംഭവത്തിൽ പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നുമായിരുന്നു ഡിജിപി എസ്.ദർവേഷ് സാഹിബിന് നൽകിയ നിർദേശത്തിൽ അവശ്യപ്പെട്ടത്.