തിരുവനന്തപുരം: ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കാനുള്ള തീരുമാനം ലോകതൊഴിലാളി ദിനമായ ഇന്നുമുതല്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കി. കേരളത്തിലെ ചുമട്ടുതൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌ക്കാരം പ്രാവര്‍ത്തികമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഉത്തരവ്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് എട്ടിന് വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴില്‍ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് തൊഴിലാളി യൂണിയനുകള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതു സംസ്ഥാനത്ത് പൂര്‍ണതോതില്‍ നടപ്പാക്കുന്നതിനായാണ് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാനത്ത് മികച്ച തൊഴിലന്തരീക്ഷം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. തൊഴിലാളികളുടെ ന്യായമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നാല്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.