സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ നൊസ്റ്റാള്‍ജിക് നാമങ്ങളിലൊന്നായ ‘നോക്കിയ’യുടെ തിരിച്ചുവരവിന് ഔദ്യോഗിക സ്ഥിരീകരണമായി. പ്രതീക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് 2017 ജൂണിനു മുമ്പ് നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനക്കെത്തും. മൈക്രോസോഫ്റ്റില്‍ നിന്ന് നോക്കിയയുടെ അവകാശങ്ങള്‍ സ്വന്തമാക്കിയ ഫിന്‍ലാന്റ് കമ്പനി എച്ച്.എം.ഡി ഗ്ലോബല്‍ ആണ് നോക്കിയയെ തിരികെ കൊണ്ടുവരുന്നത്. 2024 വരെ നോക്കിയ ബ്രാന്റ് ഫോണുകള്‍ എച്ച്.എം.ഡിയാവും ഉല്‍പ്പാദിപ്പിക്കുക.
മൈക്രോസോഫ്റ്റ്, ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് എന്നിവയില്‍ നിന്ന് നോക്കിയയുടെ ബ്രാന്റ് പൂര്‍ണമായും എച്ച്.എം.ഡി ഏറ്റെടുത്തു. ഈയാഴ്ചയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായത്. പുതിയ കരാര്‍ പ്രകാരം നോക്കിയ ബ്രാന്റില്‍ എച്ച്.എം.ഡി നിര്‍മിച്ചു വില്‍ക്കുന്ന ഓരോ ഫോണിന്റെയും നിശ്ചിത വിലവിഹിതം നോക്കിയക്ക് ലഭിക്കും. ബാര്‍സലോണയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാവും ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ നോക്കിയ ഫോണ്‍ എച്ച്.എം.ഡി പുറത്തിറക്കുക.
നോക്കിയ ബ്രാന്‍ഡിനു കീഴില്‍ ഡി1സി എന്ന പേരില്‍ രണ്ട് ഫോണുകളാവും എത്തുക എന്ന് ടെക്‌നോളജി വെബ്‌സൈറ്റുകള്‍ സൂചിപ്പിക്കുന്നു. സ്‌ക്രീന്‍ വലിപ്പം, റാം, ക്യാമറ എന്നിവയില്‍ വ്യത്യസ്തത പുലര്‍ത്തുന്നതാവും ഈ ഫോണുകള്‍. 5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ചെറിയ ഫോണ്‍ 2 ജി.ബി റാമും 13 മെഗാപിക്‌സല്‍ ക്യാമറയും ഉള്‍ക്കൊള്ളുമ്പോള്‍ 5.5 ഇഞ്ചില്‍ 3 ജി.ബി റാമും 16 എം.പി ക്യാമറയും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇരു ഫോണുകള്‍ക്കും 8 എം.പി സെല്‍ഫി ക്യാമറയുണ്ടാവും. ആന്‍ഡ്രോയ്ഡ് 7 നൗഗട്ടിലാവും ഇവ പ്രവര്‍ത്തിക്കുക.