നോയ്ഡ: ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ യുവാക്കള്‍ക്കുനേരെ പൊലീസ് വെടിവെപ്പ്. പരിക്കേറ്റ രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഗാസിയാബാദിനടുത്തുള്ള ബെര്‍ഹാംപൂരില്‍ ഒരു വിവാഹനിശ്ചയ പരിപാടി കഴിഞ്ഞ് കാറില്‍ മടങ്ങിയ ജിതേന്ദ്ര യാദവ്, സുഹൃത്ത് സുനില്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി പത്ത് മണിയോടെ നോയ്ഡ സെക്ടര്‍ 122 ല്‍ വെച്ച് നാല് പൊലീസുകാര്‍ ജീപ്പിലെത്തി കാര്‍ നിര്‍ത്തിക്കുകയും യുവാക്കളെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് വെടിവെച്ചു. ജിതേന്ദ്രയാദവിന് കഴുത്തിലാണ് വെടിയേറ്റത്. ഇയാളെ നോയിഡയില്‍ ഫോര്‍ട്ടിസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സുനിലിന് കാലിലാണ് വെടിയേറ്റത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും ജാതിപ്പേര് വിളിച്ചായിരുന്നു മര്‍ദനമെന്നും യുവാക്കളുടെ ബന്ധുക്കള്‍ ആരോപിച്ചു. സ്ഥാനക്കയറ്റത്തിനു വേണ്ടി പ്രദേശത്തെ യുവാക്കള്‍ക്കുനേരെ വ്യാജ ഏറ്റുമുട്ടലിന് പോലീസ് പദ്ധതിയിട്ടുവെന്നും ജാതിവിളിച്ചാണ് ആക്രമിച്ചതെന്നും ജിതേന്ദ്ര യാദവിന്റെ ബന്ധു വിജേഷ്ണി യാദവ് ആരോപിച്ചു.എന്നാല്‍, ഈ വാദം പൊലീസ് തള്ളി. വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തില്‍ എസ്.ഐയെ അറസ്റ്റു ചെയ്യുകയും നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ജിതേന്ദ്രയാദവിന്റെ ജേഷ്ഠനുമായി പരിചയമുള്ളയാളാണ് അറസ്റ്റിലായ ട്രെയ്‌നി സബ് ഇന്‍സ്‌പെക്ടര്‍ എന്നും വ്യക്തിപരമായ വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ലവ് കുമാര്‍ പറഞ്ഞു.