X

കൊറിയക്കു മുകളില്‍ യു.എസ് പോര്‍വിമാനങ്ങള്‍

സോള്‍: ഉത്തരകൊറിയക്കെതിരെ അമേരിക്ക സൈനിക നടപടി ആലോചിക്കുന്നുണ്ടെന്ന വാര്‍ത്തക്കിടെ കൊറിയന്‍ ഉപദ്വീപിനു മുകളിലൂടെ പോര്‍വിമാനങ്ങള്‍ പറത്തി യു.എസ് ശക്തിപ്രകടനം. ആണവായുധ, മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് ആലോചിക്കാന്‍ ഉന്നത സൈനിക ഉപദേഷ്ടാക്കളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തുകയും ചെയ്തു.

യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെയും സൈനിക മേധാവി ജനറല്‍ ജോസഫ് ഡന്‍ഫോര്‍ഡിനെയുമാണ് ട്രംപ് കണ്ടത്. ആണവായുധങ്ങള്‍ കാട്ടി അമേരിക്കയെയും സഖ്യരാജ്യങ്ങളെയും ഭീഷണിപ്പെടുത്തുന്ന ഉത്തരകൊറിയയുടെ പ്രകോപനങ്ങള്‍ തടയാന്‍ എന്തു ചെയ്യാന്‍ പറ്റുമെന്നാണ് അവര്‍ ചര്‍ച്ച ചെയ്തതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

ഉത്തരകൊറിയയുടെ കാര്യത്തില്‍ നിലവിലുള്ള സ്ഥിതി മാറ്റിസും ഡന്‍ഫോര്‍ഡും ട്രംപിനെ ധരിപ്പിച്ചു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി വാക്‌പോരാട്ടം നടത്തുന്ന ട്രംപ് യുദ്ധത്തെക്കുറിച്ച് സജീവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. 25 വര്‍ഷമായി യു.എസ് പ്രസിഡന്റുമാര്‍ ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തുകയാണെന്നും പണം നല്‍കിയും കരാറുണ്ടാക്കിയും പ്രശ്‌നം ഒതുക്കാന്‍ ശ്രമിച്ചിട്ടും ഫലം കാണാത്ത സാഹചര്യത്തില്‍ ഇനി ഒരേയൊരു കാര്യം മാത്രമേ നടക്കൂ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഗുവാം സൈനിക താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ബി-1ബി ലാന്‍സര്‍ പോര്‍വിമാനങ്ങളാണ് കൊറിയക്കു മുകളിലൂടെ പറന്നത്. ദക്ഷിണകൊറിയയുടെ രണ്ട് എഫ്-15കെ പോര്‍വിമാനങ്ങളും അമേരിക്കന്‍ യുദ്ധവിമാനങ്ങളെ അനുഗമിച്ചു. ദക്ഷിണകൊറിയന്‍ അതിര്‍ത്തിയില്‍ വ്യോമ ഭൂതല മിസൈല്‍ അഭ്യാസങ്ങളും നടത്തി.

chandrika: