കോഴിക്കോട്: രാത്രി സമയത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനെടുത്ത തീരുമാനം പ്രാവര്‍ത്തികമാക്കാത്തത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെന്ന് പരക്ഷെ ആക്ഷേപം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം തീരുമാനിച്ചതും അതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്ത് വിവിധ ഘട്ടങ്ങളിലായി അഞ്ച് തവണ മുസ്്‌ലീം ലീഗിലെ എന്‍.എ.നെല്ലിക്കുന്ന് നിയമസഭയില്‍ ഈ വിഷയത്തില്‍ സബ്മിഷന്‍ ഉന്നയിച്ചതു പ്രകാരമാണ് തീരുമാനം കൈക്കൊണ്ടിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റം വന്നതോടെ തീരുമാനത്തിന് വിലയില്ലാതായി. ഇത് സംബന്ധമായി യാതൊരു നീക്കവും ഇടതു സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവാത്തത് ദുരൂഹ മരണങ്ങളില്‍ പെടുന്നവരുടെ ബന്ധുക്കളില്‍ പ്രതിഷേധമുണ്ടാക്കുന്നു.
പൂക്കിപ്പറമ്പ് ബസ് ദുരന്തത്തില്‍ പൊള്ളലേറ്റു മരിച്ചവരുടേയും, കടലുണ്ടി ട്രെയിന്‍ ദുരന്തത്തില്‍ പെട്ടവരുടേയും മൃതദേഹങ്ങളാണ് നേരത്തെ രാത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നത്. നിലവില്‍ വൈകുന്നേരം 5 മണിക്ക് ശേഷം പോസ്റ്റ് മോര്‍ട്ടം നടത്തുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന ആസ്പത്രികളില്‍ മിക്ക ഇടങ്ങളിലും ബന്ധപ്പെട്ട ഡോക്ടര്‍ ഞായറാഴ്ചകളില്‍ ഉണ്ടാവാറില്ല. ഈ സാഹചര്യത്തിലാണ് രാത്രി കാല പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ആവശ്യം ശക്തമായിരുന്നത്. പകല്‍ വെളിച്ചം പോലെ ശക്തമായ വെളിച്ചം നല്‍കാനുള്ള സംവിധാനം ഇപ്പോള്‍ ഉണ്ടായിരിക്കേ പകല്‍ വെളിച്ചത്തില്‍ തന്നെ ഇത് നടത്തണമെന്നതിന് പ്രസക്തി ഇല്ല. രാത്രി പോസ്റ്റ്‌മോര്‍ട്ടം ഇല്ലാത്തത് കാരണം അപകടങ്ങളും അത്യാഹിതങ്ങളും സംഭവിച്ച് എത്തിപ്പെടുമ്പോള്‍ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ കിടത്തി തിരിച്ചു പോരേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
പിറ്റേ ദിവസം വീണ്ടും മോര്‍ച്ചറിയിലെത്തി പോസ്റ്റ് മോര്‍ട്ടം നടത്തിച്ച ശേഷമേ കൊണ്ടുപോവാന്‍ സാധിക്കുന്നുള്ളൂ. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍; ജില്ലാ ജനറല്‍ ആസ്പത്രികള്‍ എന്നിവിടങ്ങളിലാണ് രാത്രിയിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന്ന് അനുമതി നല്‍കിയിരുന്നത്. ഇതിലേക്കായി വെളിച്ചം, സ്റ്റാഫ് , ഉപകരണങ്ങള്‍ തുടങ്ങി അവശ്യ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും തീരുമാനത്തില്‍ ഉണ്ടായിരുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് തീരുമാനിച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ ഇത് നടപ്പാക്കാതിരിക്കുകയായിരുന്നു.