തിരുവനന്തപുരം: അനധികൃത ബഹുനില മന്ദിരങ്ങള്‍ക്ക് നിരാക്ഷേപ പത്രം (എന്‍.ഒ.സി) നല്‍കുന്നതിന്റെ പേരില്‍ ഫയര്‍ഫോഴ്സ് ആസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ കൊള്ള. 99 അനധികൃത ബഹുനിലമന്ദിരങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കിയതുവഴി പത്തുകോടിയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. കേവലം 56 ദിവസത്തിനുള്ളിലാണ് ഫയര്‍ഫോഴ്സ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത്രയും കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഫയര്‍ഫോഴ്സ് ആസ്ഥാനത്ത് മേധാവിയില്ലാത്ത സാഹചര്യം മുതലെടുത്ത് ടെക്നിക്കല്‍ ഡയരക്ടറും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കൈക്കൂലി ഇടപാട് നടത്തിയത്. അഴിമതി രഹിത ഭരണമെന്ന മുദ്രാവാക്യത്തിലൂടെ അധികാരത്തിലെത്തിയ ഇടതുസര്‍ക്കാറിന് ഫയര്‍ഫോഴ്സ് ആസ്ഥാനത്തെ കൈക്കൂലി ഇടപാടുകള്‍ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
പതിനൊന്ന് നിലകള്‍ക്ക് മുകളിലുള്ള 87 ഫ്‌ളാറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, മുകളില്‍ ഫ്‌ളാറ്റും താഴെ ഷോപ്പിംഗ് കോംപ്ലക്സുമുള്ള കെട്ടിടങ്ങള്‍, ഒരു ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്നിവയും അനുമതി ലഭിച്ചവയില്‍പ്പെടും. വേണ്ടത്ര സുരക്ഷയില്ലാത്തവയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഫയര്‍ഫോഴ്സ് മേധാവികളായിരുന്ന ജേക്കബ് തോമസും ലോക്നാഥ് ബെഹ്റയും അനുമതി നിഷേധിച്ച ബഹുനില മന്ദിരങ്ങള്‍ക്കാണ് ഇപ്പോള്‍ എന്‍.ഒ.സി നല്‍കിയിരിക്കുന്നത്.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ചുമതല നല്‍കിയ ടെക്നിക്കല്‍ ഡയരക്ടര്‍ക്കെതിരെയാണ് കൈക്കൂലി ആരോപണം ഉയര്‍ന്നിരിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഇദ്ദേഹത്തിന് നല്‍കിയിരുന്നത് ഫയര്‍ അക്കാദമിയുടെ ചുമതല മാത്രമായിരുന്നു.