X

കരിപ്പൂരില്‍ കെട്ടിടനിർമാണത്തിന് എൻ.ഒ.സി. വൈകുന്നു; നാട്ടുകാർ ദുരിതത്തിൽ

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് വീട് നിർമിക്കുന്നതിന് നിരാക്ഷേപ പത്രം നൽകുന്നതിൽ എയർപോർട്ട് അതോറിറ്റിയുടെ മെല്ലെപ്പോക്ക് നാട്ടുകാർക്ക് ദുരിതമാകുന്നു. നഗരസഭയിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളടക്കമുള്ളവർ ഇതുമൂലം പ്രയാസത്തിലാകുന്നു.

വിമാനത്താവള വളപ്പിനടുത്തു താമസിക്കുന്നവർക്കാണ് കൂടുതൽ ദുരിതം. നഗരസഭയിൽ 50-ലേറെ പേർ അപേക്ഷ നൽകി കാത്തിരിപ്പാണ്. 15 വീടുകൾ ലൈഫ് മിഷനിലൂടെ നിർമിക്കുന്നവയാണ്. അപേക്ഷ നൽകി രണ്ടു മാസം കഴിഞ്ഞാലും അനുമതി ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

2021-ൽ വീട് നിർമാണത്തിന് 10 പേർക്ക് എൻ.ഒ.സി. നൽകാതെ അനുമതി നിഷേധിച്ചിരുന്നു. 2022-ൽ മൂന്ന് അപേക്ഷകളും കഴിഞ്ഞ വർഷം ഒൻപത് അപേക്ഷകളും നിരസിച്ചു. ഈ വർഷം ഇതുവരെ 14 അപേക്ഷകൾ നൽകിയിട്ടുണ്ട്.

വീട് നിർമാണത്തിന് നിരാക്ഷേപ പത്രത്തിന് അപേക്ഷ നൽകുന്നവർക്ക് മുൻഗണന നൽകി വേഗത്തിൽ തീർപ്പാക്കണമെന്ന് വിമാനത്താവള ഉപദേശക സമിതി യോഗം പലതവണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷകരിൽ പലരും വിമാനത്താവളത്തിന് സ്ഥലം വിട്ടു നൽകിയവരാണ്. ഈ പരിഗണനയൊന്നും അപേക്ഷ തീർപ്പാക്കുന്നതിൽ അതോറിറ്റി കാണിക്കുന്നില്ലെന്ന് നാട്ടുകാർക്ക് അഭിപ്രായമുണ്ട്.

കെട്ടിട നിർമാണത്തിന് നിരാക്ഷേപ പത്രം വൈകുന്നത് വിമാനത്താവള ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് നഗരസഭാ ആക്ടിങ് ചെയർമാൻ. രണ്ടര മാസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാത്ത അപേക്ഷകളുണ്ട്.

webdesk14: