സ്‌റ്റോക്ക്‌ഹോം: ലോകത്തെ ഏറ്റവും ചെറിയ തന്ത്രഘടനകള്‍ വികസിപ്പിച്ച മൂന്ന് തലച്ചോറുകള്‍ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ഫ്രാന്‍സിലെ സ്‌ട്രോസ്‌ബോര്‍ഗ് സര്‍വകലാശാലയിലെ ഴാന്‍ പിയറി സുവാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഫ്രെയ്‌സര്‍ സ്റ്റൊഡാര്‍ട്ട്, നെതര്‍ലന്‍ഡ്‌സിലെ ഗ്രോണിഗെന്‍ സര്‍വകലാശാലയിലെ ബര്‍നാഡ് എല്‍.ഫെരിങ്ഗ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
മോളിക്യുലര്‍ യന്ത്രങ്ങള്‍ വികസിപ്പിച്ചുവെന്നതാണ് ഇവരുടെ നേട്ടം.
ഊര്‍ജത്തിനാല്‍ പ്രവര്‍ത്തനക്ഷമമാകുന്നതും നിയന്ത്രണവിധേയമായ ചലനങ്ങളുമുള്ള തന്മാത്രകളാണ് ഇവര്‍ വികസിപ്പിച്ചത്. യന്ത്രങ്ങളെ പരമാവധി ചെറുതാക്കി രസതന്ത്ര രംഗത്ത് കുതിച്ചുചാട്ടങ്ങള്‍ക്ക് ഇവരുടെ കണ്ടെത്തല്‍ സഹായകമായതായി നൊബേല്‍ പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.ഒരു മുടിനാരിഴയെക്കാള്‍ ആയിരം ഇരട്ടി നേര്‍ത്ത യന്ത്രങ്ങളാണ് നൊബേല്‍ പുരസ്‌കാര ജേതാക്കള്‍ വികസിപ്പിച്ചത്. കുഞ്ഞ് ലിഫ്റ്റും കൃത്രിമ പേശികളും മോട്ടറും ഉപയോഗിച്ച് അവര്‍ തങ്ങളുടെ കണ്ടെത്തല്‍ വിജയകരമായി പരീക്ഷിച്ചു. എഞ്ചിനുകള്‍, കാറുകള്‍, കോഫി ഗ്രൈന്‍ഡുറുകള്‍ തുടങ്ങി നാം ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കെല്ലാം മോളിക്യുലര്‍ പതിപ്പുകള്‍ വികസിപ്പിക്കാമെന്ന് അവര്‍ തെളിയിച്ചു. നാനോമീറ്ററിലായിരിക്കും അവയുടെ വലുപ്പമെന്ന് മാത്രം.
വൈദ്യശാസ്ത്രമേഖലയില്‍ ഇവരുടെ കണ്ടെത്തല്‍ ഏറെ സഹായകമാകും. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ളുടെ ചികിത്സയില്‍ കോശങ്ങളിലേക്ക് നേരിട്ട് മരുന്ന് എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. ഊര്‍ജ സംഭരണത്തിനും സെന്‍സറുകളുടെ വികസനത്തിനും പുതിയ സാധ്യതകള്‍ തേടുന്നതുമാണ് ഈ മോളിക്യുലര്‍ യന്ത്രങ്ങള്‍.
1983ല്‍ ഴാന്‍ പിയറി സുവാഷാണ് തന്മാത്രാ യന്ത്രങ്ങളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത്. 1991ല്‍ റോടെക്‌സൈന്‍ വികസിപ്പിച്ച് ഫ്രെയ്‌സര്‍ സ്റ്റൊഡാര്‍ട്ട് മറ്റൊരു നിര്‍ണായക മുന്നേറ്റം നടത്തി. 1999ല്‍ ബര്‍നാഡ് എല്‍.ഫെരിങ്ഗ ഒരു തന്മാത്രാ മോട്ടോര്‍ തന്നെ നിര്‍മിച്ച് ലോകത്തെ വിസ്മയിപ്പിച്ചു.