2021ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസിനും ആര്‍ഡം പാറ്റപൂറ്റിയനുമാണ് നൊബേല്‍ ലഭിച്ചത്. സ്പര്‍ശവും ഊഷ്മാവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലിനാണ് പുരസ്‌കാരം.
മനുഷ്യ ശരീരത്തിലെ നെര്‍വസ് സിസ്റ്റം എങ്ങനെയാണ് ചൂട്, തണുപ്പ് എന്നിവ തിരിച്ചറിയുന്നതെന്ന പ്രതിഭാസത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇരുവരുടേയും കണ്ടുപിടുത്തത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സെയ്സന്‍ എന്ന വസ്തു ഉപയോഗിച്ചാണ് ഏത് നെര്‍വ് എന്‍ഡിംഗാണ് നമ്മെ ചൂട് തിരിച്ചറിയാന്‍ സാധിക്കുന്നതെന്ന് കണ്ടെത്തിയത്. ജൂലിയസായിരുന്നു ഈ കണ്ടെത്തലിന് പിന്നില്‍. എങ്ങനെയാണ് നമ്മുടെ പരിസ്ഥിതിയെ നാം അറിയുന്നത് (sense) എന്ന് ഈ കണ്ടുപിടുത്തം വ്യക്തമാക്കുന്നുവെന്ന് നൊബേല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. കണ്ണുകള്‍ എങ്ങനെയാണ് വെളിച്ചം തിരിച്ചറിയുന്നത്, ശബ്ദങ്ങള്‍ അങ്ങനെയാണ് കാതുകള്‍ തിരിച്ചറിയുന്നത്, ഗന്ധം, രുചി എന്നിവ തിരിച്ചറിയുന്നത് തുടങ്ങി ആയിരക്കണക്കിന് വര്‍ഷക്കാലം നാം തേടി നടന്ന ഉത്തരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി.