സ്റ്റോക്കോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ മൂന്നു പേര്‍ക്കാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍.
ജെഫ്രി സി.ഹോള്‍, മൈക്കിള്‍ റോസ്ബാഷ്, മൈക്കിള്‍ ഡബ്ല്യു.യങ് എന്നിവര്‍ക്കാണ് വൈദ്യശാസ്ത്ര മികവിനുള്ള പുരസ്‌കാരം.
മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ജൈവഘടികാരത്തിന്റെ പ്രവര്‍ത്തന രഹസ്യങ്ങള്‍ ലോകത്തിനു മുന്നിലെത്തിച്ചതാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. 11 ലക്ഷം ഡോളറാണ് പുരസ്‌കാര തുക.
ജൈവഘടികാരം
ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും രാത്രിയും പകലുമായി മാറ്റങ്ങളുണ്ടാകാറുണ്ട്. ഇതിനനുസരിച്ച് ഓരോ സസ്യവും മൃഗവും മനുഷ്യനും അതിന്റെ ശാരീരിക ഘടനയില്‍ ക്രമീകരണം നടത്താറുമുണ്ട്.
എന്നാല്‍ ഇത് സ്വാഭാവികമായി, നാം അറിയാതെ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ്. എങ്ങനെയാണ് ഇത്തരമൊരു പ്രവര്‍ത്തനം സ്വയം ചെയ്യുന്നത് എന്നതാണ് ശാസ്ത്രജ്ഞര്‍ പരിശോധിച്ചിരുന്നത്. ജൈവഘടികാരം എത്തരത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നതെന്ന് പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ചോദ്യമുയര്‍ന്നിരുന്നു.
ഇരുപതാം നൂറ്റാണ്ടിലാണ് ഇതുസംബന്ധിച്ച് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചത്. ഈ പഠനത്തിലേക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയതാവട്ടെ ശാസ്ത്രജ്ഞരായ ജെഫ്രിയും റോസ്ബാഷും യങുമായിരുന്നു.
ജൈവഘടികാരം ഒരുക്കുന്നതിന്റെ തന്മാത്രാ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു മൂവരുടെയും ഗവേഷണം. വ്യത്യസ്ത സമയ സോണുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ജെറ്റ്‌ലാഗ് ഉള്‍പ്പെടെ ശാസ്ത്രീയ വിശദീകരണം നല്‍കാന്‍ മൂവരുടെയും കണ്ടുപിടിത്തങ്ങള്‍ക്കായി.
പിരിയഡ് ജീന്‍ എന്ന നിര്‍ണായക ജീന്‍ വേര്‍തിരിച്ചെടുത്തായിരുന്നു പരീക്ഷണം. ഈച്ചകളെയാണ് ഇതിനായി ഉപയോഗിച്ചത്. പിരിയഡ് ജീനില്‍ പ്രത്യേകതരം പ്രോട്ടീന്‍ സാന്നിധ്യമുണ്ട്.
രാത്രികാലങ്ങളില്‍ ഇവ ശരീരകോശങ്ങളില്‍ സജീവമാകുകയും പകല്‍സമയത്ത് നിഷ്‌ക്രീയമാകുകയും ചെയ്യും.