X
    Categories: MoreViews

സമാധാന നൊബേല്‍ കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവലിന്

കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസ

സ്‌റ്റോക്കഹോം: 2016ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസിന്. രാജ്യത്ത് അരനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് സാന്തോസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

കൊളംബിയയിലെ കമ്യൂണിസ്റ്റ് സായുധവിപ്ലവ സംഘടനയായ ഫാര്‍ക്കുമായി 52 വര്‍ഷമായി നടന്നുവന്നിരുന്ന സായുധ പോരാട്ടം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ മുന്‍കൈയ്യെടുത്തത് ഹുവാന്‍ മാനുവലായിരുന്നു.

അതേസമയം, ഒക്ടോബര്‍ രണ്ടിന് നടന്ന ഹിതപരിശോധനയില്‍ സര്‍ക്കാറും മാര്‍ക്‌സിസ്റ്റ് വിമതരായ ഫാര്‍ക്കും തമ്മിലുള്ള സമാധാനക്കരാര്‍ നേരിയ ഭൂരിപക്ഷത്തില്‍ തിരസ്‌കരിക്കപ്പെട്ടിരുന്നു. ഹിതപരിശോധനയില്‍ 50.24 ശതമാനം ജനങ്ങള്‍ കരാറിനെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ 49.8 ശതമാനം പേര്‍ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. കൂടാതെ മുന്‍ പ്രസിഡന്റ് അല്‍വാരോ ഉറൈബിന്റെ നേതൃത്വത്തിലുള്ള വിഭാഗം വിമതര്‍ക്ക് സീറ്റ് നല്‍കുന്നതിനോട് തീര്‍ത്തും എതിരാണ്.

എന്നാല്‍, ഹിതപരിശോധനാ ഫലം എതിരാണെങ്കിലും സമാധാന ശ്രമങ്ങളെ കൊളംബിയന്‍ ജനത അംഗീകരിച്ചില്ലെന്ന് കരുതാവില്ലെന്ന് നൊബേല്‍ പുരസ്‌കാര കമ്മിറ്റി വക്താവ് ചൂണ്ടിക്കാട്ടി.

ചരിത്രപരമായ സമാധാന കരാറില്‍ കഴിഞ്ഞ ആഗസ്റ്റ് 26നാണ് കൊളംബിയയില്‍ സര്‍ക്കാറും മാര്‍ക്‌സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്‌സും ഒപ്പുവെച്ചത്. ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നാലു വര്‍ഷത്തോളം നീണ്ട ചര്‍ച്ചക്കൊടുവിലായിരുന്നു കരാര്‍. കാളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്തോസും ഫാര്‍ക് നേതാവ് ടിമൊചെങ്കോയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ക്യൂബന്‍ പ്രസിഡന്റ് റാഉള്‍ കാസ്‌ട്രോ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

chandrika: