‘വീട്ടില്‍ മന്ത്രവാദം നടത്താറില്ല, ജ്യോതിഷം പഠിപ്പിക്കുന്നു; രണ്ടുവയസുകാരിയുടെ കൊലപാതകത്തില്‍ പൂജാരിയുടെ ഭാര്യ

ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിന് ബന്ധമില്ലെന്ന് പൂജാരി ദേവീദാസിന്റ ഭാര്യ. വീട്ടില്‍ മന്ത്രവാദം നടത്താറില്ലെന്നും, ജ്യോതിഷം പഠിപ്പിക്കുന്നുണ്ടെന്നും ഭാര്യ പറഞ്ഞു. അതേസമയം ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടില്‍ വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസാണെന്ന് പറഞ്ഞ് പൊലീസ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നെന്നും കുട്ടി മരിച്ചത് ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും പൂജാരിയുടെ ഭാര്യ പറഞ്ഞു.

കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൂജാരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അതേസമയം ഇയാള്‍ കുട്ടിയുടെ അമ്മയില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് വിവരം. ഇവരുടെ ആത്മീയ ഗുരുവാണ് ദേവീദാസന്‍ എന്നും വിവരമുണ്ട്. കേസില്‍ പ്രതിയായ അമ്മാവന്‍ ഹരികുമാര്‍ പൂജാരിയുടെ സഹായിയായി ഒരാഴ്ചയോളം നിന്നതായും പറയുന്നു. എന്നാല്‍ ഹരികുമാറിന്റെ ചില പ്രവര്‍ത്തികളില്‍ പന്തികേട് തോന്നിയ പൂജാരി ഇയാളെ പറഞ്ഞുവിടുകയായിരുന്നു.

എന്നാല്‍ ദേവീദാസന്റെ വീട്ടില്‍ അര്‍ധരാത്രി കഴിഞ്ഞും പൂജകള്‍ നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ദുര്‍മന്ത്രവാദമടക്കമുള്ള കാര്യങ്ങള്‍ ഇവിടെ നടക്കാറുണ്ടെന്നും അയല്‍ക്കാര്‍ ആരോപിക്കുന്നു.

ഇതോടെ കേസിലേക്ക് ആഭിചാരവുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയര്‍ന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് പൊലീസ് ദേവീദാസനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കുട്ടിയുടെ അമ്മ മതപരമായ പൂജകളില്‍ പങ്കെടുക്കുകയും പ്രഭാഷണങ്ങള്‍ക്കു പോകുകയും ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

 

 

 

webdesk17:
whatsapp
line