ഗസ്സ: ഇസ്രാഈലിന്റെ അതിഭീകരമായ വ്യോമാക്രണങ്ങളില്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ വെള്ളവും അവശ്യവസ്തുക്കളും കിട്ടാതെ ഫലസ്തീനികള്‍ നരകിക്കുകയാണ്. സ്ത്രീകളുടെയും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെയും സ്ഥിതിയാണ് ഏറെ ദയനീയം. ശുചീകരിക്കാന്‍ മാര്‍ഗങ്ങളില്ലാതെ സ്ത്രീകള്‍ ആര്‍ത്തവം വൈകിപ്പിക്കുന്ന മരുന്നുകള്‍ കഴിക്കാന്‍ നിര്‍ബന്ധിതരായിരിക്കുയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂട്ടപലായനവും ആളുകള്‍ തിങ്ങിനിറഞ്ഞ ജീവിതചുറ്റുപാടുകളും ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഇസ്രാഈല്‍ ജലവിതരണം തടസ്സപ്പെടുത്തിയതോടെ അത്യാവശ്യത്തിനുപോലും വെള്ളം കിട്ടുന്നില്ല. സാനിറ്ററി പാഡുകളും ടാംപോണുകളും പോലെ ആര്‍ത്തവകാല ശുചിത്വ ഉല്‍പന്നങ്ങള്‍ കിട്ടാത്തതുകാരണം ആര്‍ത്തവം നീട്ടിവെക്കുന്നതിന് നോറെത്തിസ്റ്ററോണ്‍ പോലുള്ള മരുന്നുകള്‍ കഴിച്ചാണ് സ്ത്രീകള്‍ മുന്നോട്ടുപോകുന്നത്. അമിതമായ രക്തസ്രാവവും വേദനാജനകമായ ആര്‍ത്തവം തുടങ്ങിയ സാഹചര്യങ്ങളില്‍ അസ്വസ്ഥതയും വേദനയും ഒഴിവാക്കുന്നതിനാണ് സധാരണ ഗതിയില്‍ ഈ ഗുളികള്‍ കഴിക്കുന്നത്. എന്നാല്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് ക്രമരഹിതമായ രക്തസ്രാവം, ഓക്കാനം, തലകറക്കം, ആര്‍ത്തവചക്രത്തിലെ മാറ്റങ്ങള്‍ തുടങ്ങി ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പക്ഷേ, സമ്പൂര്‍ണ ഉപരോധത്തിനും ഇസ്രാഈലിന്റെ നിരന്തര വ്യോമാക്രമണങ്ങള്‍ക്കുമിടയില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് സല്‍മ ഖാലിദ് എന്ന സ്ത്രീയെ ഉദ്ധരിച്ച് അല്‍ജസീറ പറയുന്നു.
കടുത്ത ഭീതിയും ഡിപ്രഷനും അസ്വസ്ഥ നിറഞ്ഞ ചുറ്റുപാടുകളും ആര്‍ത്തവചക്രത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. മരുന്നും മെഡിക്കല്‍ സാമഗ്രികളും എവിടെയും കിട്ടാനില്ല. ഫാര്‍മസികള്‍ പലതും അടഞ്ഞിരിക്കുകയാണ്. അത്യാവശ്യ ശുചീകരണത്തിനുപോലും വെള്ളമില്ല. ബാത്ത്‌റൂമുകള്‍ അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ദിവസങ്ങളുടെ ഇടവേൡ ഒരു തവണ മാത്രമാണ് കുളിക്കുന്നതെന്നും ഫലസ്തീനികള്‍ പറയുന്നു. കുട്ടികളടക്കം മലിന ജലം കുടിച്ചാണ് ദാഹമകറ്റുന്നത്. കടല്‍ ജലം ഉപയോഗിക്കുന്നത് ആളുകളെ രോഗികളാക്കി തുടങ്ങിയിട്ടുണ്ട്. തുണികള്‍ കഴുകാനും കടല്‍ ജലമാണ് ആശ്രയം. അഭയാര്‍ത്ഥികളായി മാറിയ ഫലസ്തീനികള്‍ താല്‍ക്കാലിക തമ്പുകള്‍ കെട്ടി കൂട്ടത്തോടെയാണ് ജീവിക്കുന്നത്. ഇവിടെ കഴിയുന്ന സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ ദയനീയമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ശുചിമുറികളില്‍ വെള്ളമില്ലാത്തതും ക്യാമ്പുകളില്‍ സ്വകാര്യത നഷ്ടപ്പെടുന്നതും സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.