X
    Categories: Newsworld

‘1967 മുതൽ ഒരു യുദ്ധവും വിജയിക്കാനായിട്ടില്ല’; ഇസ്രാഈലി നേതൃത്വത്തെ കുറ്റപ്പെടുത്തി മുൻ സൈനിക ജനറൽ

ഗസ്സയില്‍ ഇസ്രാഈല്‍ തുടരുന്ന ആസൂത്രിത വംശഹത്യ എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രാഈലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനാകാതെ യുദ്ധഭൂമിയില്‍ വിയര്‍ക്കുകയാണ് സൈന്യം. ഹമാസുമായുള്ള യുദ്ധത്തില്‍ തോല്‍വി ഉറപ്പിച്ചുവെന്ന് പറയുകയാണ് ഇസ്രാഈലിലെ മുന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍.

ഇസ്രാഈലിന് 1967 മുതല്‍ ഒരു യുദ്ധവും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുന്‍ ഇസ്രാഈലി ജനറല്‍ ഡോവ് തമാരി പറഞ്ഞു. ഇസ്രാഈലി പത്രമായ ഹാരെറ്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരാട്രൂപ്പര്‍മാരുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കമാന്‍ഡര്‍, സയറെറ്റ് മത്കലിന്റെ കമാന്‍ഡര്‍, പാരാട്രൂപ്പേഴ്സ് ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് തമാരി.

ഇസ്രാഈല്‍ യുദ്ധക്കളത്തില്‍ എപ്പോഴും വിജയിക്കും. എന്നാല്‍, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ എല്ലായ്‌പ്പോഴും തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പോരാട്ടത്തില്‍ മികച്ചതാണ്. എന്നാല്‍, യുദ്ധത്തില്‍ അവര്‍ ഒന്നുമല്ല. 1967 മുതല്‍ ഒരു യുദ്ധവും ജയിക്കാന്‍ ഇസ്രാഈലിന് കഴിഞ്ഞിട്ടില്ല. ഇത് സൈനിക നേതൃത്വത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് നയതന്ത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നമാണെന്നും തമാരി പറഞ്ഞു.

ഹമാസിനെതിരെ ഇസ്രാഈലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഹമാസ് നിലനില്‍പ്പിന് വേണ്ടിയാണ് പോരാടുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നു. സൈന്യത്തിന്റെ നടപടികളും നയങ്ങളും തീര്‍ത്തും തെറ്റാണ്.

ഇത് എവിടേക്ക് നയിക്കുമെന്ന് തനിക്കറിയില്ല. എന്നാല്‍, മുമ്പ് ലോകം അംഗീകരിച്ച ഹോളോകോസ്റ്റ് മുതല്‍ പുനരുജ്ജീവനം വരെയുള്ള ഇസ്രാഈലി ആഖ്യാനം നഷ്ടപ്പെട്ടുവെന്ന് തനിക്ക് വ്യക്തമാണ്. ഇന്നത്തെ ലോകത്ത് ഇസ്രായേല്‍ ആഖ്യാനത്തേക്കാള്‍ ഫലസ്തീനിയന്‍/അറബ്/മുസ്ലിം ആഖ്യാനം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇസ്രാഈലി കുടിയേറ്റക്കാരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഡോവ് തമാരി കൂട്ടിച്ചേര്‍ത്തു.

ഗസ്സയില്‍ നമ്മള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രാഈല്‍ റിസര്‍വ് ആര്‍മിയിലെ മേജര്‍ ജനറല്‍ യിത്സാക് ബ്രിക്ക് വ്യക്തമാക്കുന്നു. യുദ്ധം നീണ്ടുപോകുന്നത് സൈന്യത്തിന്റെയും ഇസ്രാഈലി സമ്പദ്‌വ്യവസ്ഥയുടെയും തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇസ്രാഈല്‍ സൈന്യത്തിന് അടിയന്തര പുനരധിവാസം ആവശ്യമാണ്. കരസേനയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഹമാസിനെ ഇല്ലാതാക്കുന്നതില്‍ സൈന്യം പരാജയപ്പെട്ടിരിക്കുന്നു. ദിവസവും ആയിരക്കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിക്കുക എന്നത് മാത്രമല്ല യുദ്ധം. സൈനികരുടെയും തൊഴിലാളികളുടെയും അഭാവം രാജ്യത്തിന് വലിയ പ്രതിസന്ധിയാണ്. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഇസ്രാഈല്‍ ഒറ്റപ്പെട്ട് കഴിഞ്ഞുവെന്നും യിത്സാക് ബ്രിക്ക് കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ യുദ്ധം ലക്ഷ്യമില്ലാത്തതാണെന്നും അവിടെ പരാജയപ്പെടുകയാണെന്നും മൊസാദിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്‍ ബരാക്ക് പറഞ്ഞു. ഇസ്രായേല്‍ ആര്‍മി റേഡിയോയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധം അവസാനിപ്പിച്ച ഇടങ്ങളിലേക്ക് വീണ്ടും സൈന്യത്തിന് മടങ്ങിവരേണ്ടി വരുന്നു. കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടുന്നു. അന്താരാഷ്ട്ര വേദികളില്‍ ഒറ്റപ്പെടുന്നു. അമേരിക്കയുമായുള്ള ബന്ധം വഷളായി. സമ്പദ് വ്യവസ്ഥ തകര്‍ന്നു. നമ്മള്‍ നേടിയ ഒരു ലക്ഷ്യമെങ്കിലും നിങ്ങള്‍ കാണിച്ചു തരൂവെന്നും ബെന്‍ ബരാക്ക് പറഞ്ഞു.

അതേസമയം, ഗസ്സയിലെ യുദ്ധം നീണ്ടുപോകുന്നതിനിടെ ഇസ്രാഈലിലെ യുദ്ധ മന്ത്രിസഭയിലും വലിയ ഭിന്നതയാണ് രൂപപ്പെടുന്നത്. അടുത്ത മാസത്തോടെ തന്റെ ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് മന്ത്രി ബെന്നി ഗാന്റ്‌സ് പ്രധാനമന്ത്രി നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനാകുന്നില്ല.

വിജയം ഉറപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നടത്തുന്നില്ലെന്നും ബെന്നി ഗാന്റ്‌സ് കുറ്റപ്പെടുത്തി. ഇതിന് പുറമെ മന്ത്രിസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വീറും തമ്മില്‍ ഏറ്റുമുട്ടിയെന്നും ഇസ്രാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

webdesk13: