ഫൈസല്‍ മാടായി
കണ്ണൂര്‍
ഓണക്കാല മേളയുടെ ആരവത്തിനിടയിലും കൂലിയും ആനുകൂല്യങ്ങളുമില്ലാതെ ദുരിതത്തിലായി തൊഴിലാളികള്‍. ഖാദി നൂല്‍പ്പ് കേന്ദ്രങ്ങളെ പ്രതിസന്ധിയിലാക്കി പരുത്തി ക്ഷാമം. വൈവിധ്യവല്‍ക്കരണത്തിനിടയിലും തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയില്ല.ഓണക്കാലത്തെ റെക്കോര്‍ഡ് വില്‍പ്പന പ്രതീക്ഷകള്‍ക്കിടയിലാണ് പരുത്തി ക്ഷാമം പരിഹരിക്കാത്ത സര്‍ക്കാര്‍ നിലപാട് കാരണം ഖാദി നൂല്‍പ്പ് കേന്ദ്രങ്ങള്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പ് കേന്ദ്രങ്ങളില്‍ തന്നെ സ്റ്റോക്കുള്ളത് ഏതാനും ദിവസത്തേക്കുള്ള സ്ലൈവര്‍ മാത്രമാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ കൂലിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതത്തിലായത്.
നേരത്തെ നടന്ന കര്‍ഷക സമരങ്ങളെ തുടര്‍ന്നാണ് നിലവിലെ പരുത്തിക്ഷാമം. ആന്ധ്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പരുത്തി വരുന്നത്. ഉല്‍പ്പാദനം കുറവിനിടയിലും കയറ്റുമതി കൂടിയതോടെ ആഭ്യന്തര വിപണിയില്‍ പരുത്തിക്ഷാമം രൂക്ഷമാണ്. പരുത്തിയുടെ വില വര്‍ധനവും പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്. നേരത്തെ 200 രൂപയോളം വിലയുണ്ടായിരുന്ന പരുത്തിക്ക് ഇപ്പോള്‍ 380 രൂപയാണ് വില. കയറ്റിറക്ക് ചെലവിലും വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്‌കരിച്ച പരുത്തി തീരെ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോള്‍. നിലവില്‍ ചിലയിടങ്ങളില്‍ ഒരാഴ്ചത്തേക്ക് ആവശ്യമായ സ്ലൈവര്‍ ഉണ്ടെങ്കിലും സ്റ്റോക്ക് എത്തിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടിവരുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നു. വലിയ പ്രതീക്ഷയേകി വൈവിധ്യവല്‍ക്കരണം നടക്കുമ്പോഴാണ് പരുത്തിക്ഷാമം ഖാദി ഉല്‍പ്പാദനത്തെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തില്‍ സമര രംഗത്താണ് ഭരണപക്ഷ സംഘടനകള്‍ ഉള്‍പ്പെടെ തൊഴിലാളിയൂണിയനുകള്‍.
കുടിശികയായി വേതനം
കണ്ണൂരില്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തില്‍ 10 മാസവും ഫര്‍ക്കാ ഗ്രാമോദയ ഖാദിസംഘത്തില്‍ 13 മാസവും സര്‍വോദയ ഖാദി സ്ഥാപനങ്ങളില്‍ 20 മാസവുമായി തൊഴിലാളികള്‍ക്ക് മിനിമം കൂലിയും ആനുകൂല്യങ്ങളും കുടിശികയാണ്. ഓണം മുന്നിലെത്തിയ സമയത്തും തൊഴിലും നേരത്തെ ജോലി ചെയ്തതിന്റെ കൂലിയും ലഭിക്കാത്തതിനാല്‍ തൊഴിലാളി ജീവിതം ദുരിതപൂര്‍ണമാണ്.
വാക്ക് പാലിക്കുമോ ഓണത്തിന് മുമ്പെങ്കിലും
പ്രതിസന്ധിയിലായ ഖാദി വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഖാദി വര്‍ക്കേഴ്‌സ് യൂണിയന്‍ സമര രംഗത്തെത്തിയെങ്കിലും ബോര്‍ഡ് അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. സിഐടിയു നേതൃത്വത്തില്‍ ഖാദി തൊഴിലാളികള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവും ഉപേക്ഷിക്കുകയായിരുന്നു. കൂലി കുടിശിക ഓണത്തിന് മുമ്പ് നല്‍കുമെന്നാണ് വാഗ്ദാനം. തൊഴില്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് സമാശ്വാസ ധനസഹായം നല്‍കുന്നതുള്‍പ്പെടെ 26ന് ചേരുന്ന ഖാദി ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്നാണ് വിവരം.സര്‍ക്കാറിന്റെയും ഖാദി ബോര്‍ഡിന്റെയും തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് നാഷണല്‍ ഖാദി ലേബര്‍ യൂണിയന്‍-ഐഎന്‍ടിയുസി 28ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.