X
    Categories: indiaNews

ആറാം ദിനവും അമൃതപാലിനെ കുറിച്ച് തുമ്പില്ല

ജലന്ധര്‍: തിരച്ചില്‍ ആറു ദിവസം പിന്നിട്ടിട്ടും ഖലിസ്ഥാന്‍ അനുകൂല സിഖ് നേതാവ് അമൃതപാല്‍ സിങ് എവിടെയെന്ന കാര്യത്തില്‍ തുമ്പില്ലാതെ പഞ്ചാബ് പൊലീസ്. ആദ്യ ദിനം പൊലീസ് പിന്തുടര്‍ന്ന അമൃതപാല്‍ രക്ഷപ്പെട്ടത് എങ്ങനെ എന്നതു സംബന്ധിച്ച ഉത്തരം മാത്രമാണ് ഇപ്പോഴും പൊലീസിന്റെ കൈവശമുള്ളത്.

പിന്നീട് എങ്ങോട്ട് പോയി, എവിടെയാണ് ഉള്ളത്, ആരാണ് രക്ഷപ്പെടാന്‍ സഹായിച്ചത് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തമായ ഉത്തരം ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം അറസ്റ്റിലായ അമൃതപാലിന്റെ കൂട്ടാളികളുടെ എണ്ണം 120 കവിഞ്ഞു. ഇതിനിടെ പൊലീസ് പിന്തുടരുന്നതിനിടെ അമൃതപാല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒന്ന് രണ്ടു യുവാക്കളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 12 മണിക്കൂറിനിടെ അഞ്ചു വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ പൊലീസിനെ കബളിപ്പിച്ചതെന്നാണ് വിവരം. മെഴ്സിഡസ് എസ്.യു. വില്‍ സഞ്ചരിക്കുന്നതിനിടെയാണ് പൊലീസ് അമൃതപാലിനെ പിന്തുടരാന്‍ തുടങ്ങിയത്. എന്നാല്‍ പാതിവഴിയില്‍ മാരുതി ബ്രെസ്സയിലേക്ക് ചാടിക്കയറിയ ഇയാള്‍ കാറില്‍ വച്ച് പരമ്പരാഗത സിഖ് വസ്ത്രങ്ങളും തലപ്പാവും ഉപേക്ഷിച്ച് ടീ ഷര്‍ട്ടും ട്രൗസറുമാക്കി വേഷം. നംഗള്‍ അമ്പിയാനില്‍ വച്ച് ബ്രെസ്സ ഉപേക്ഷിച്ച് സഹായിയായ പപ്പല്‍ പ്രീത് കൊണ്ടുവന്ന ബജാജ് പ്ലാറ്റിന ബൈക്കിലാക്കി യാത്ര. ഇന്ധനം കഴിഞ്ഞ് പാതിവഴിയില്‍ നിന്നതോടെ ഗുഡ്സ് ഓട്ടോയിലാക്കി യാത്ര. അമൃതപാല്‍ ആയിരുന്നു ഇതെന്ന് അറിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്. വീട്ടിലേക്ക് മടങ്ങും വഴി രണ്ടുപേര്‍ ബൈക്കുമായി നില്‍ക്കുന്നത് കണ്ടു.

ബൈക്ക് പഞ്ചര്‍ ആയെന്നും വര്‍ക് ഷോപ്പില്‍ വിടാമോ എന്നും ഇവര്‍ ചോദിച്ചു. വന്ന വഴിയേ ഒരു കിലോമീറ്റര്‍ പോയാല്‍ വര്‍ക് ഷോപ്പ് ഉണ്ടെന്ന് പറഞ്ഞെങ്കിലും മുന്നോട്ടാണ് പോകേണ്ടതെന്നും മെഹ്താപൂരില്‍ വിട്ടാല്‍ മതിയന്നും പറഞ്ഞു. തുടര്‍ന്ന് രണ്ടുപേരേയും മെഹ്താപൂരിലെ വര്‍ക് ഷോപ്പിന് മുന്നില്‍ വിട്ടു. നൂറു രൂപ ഓട്ടോ കൂലിയും തന്നു -ഇയാള്‍ പറഞ്ഞു.

 

webdesk11: