ഭീഷണി പ്രതിപക്ഷത്തോട് വേണ്ടെന്നും ഭയപ്പെടുത്തലിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫുകള്‍ക്ക് വരെ നോട്ടീസ് നല്‍കി. പലരുടെയും പേരും തസ്തികയും തെറ്റിച്ചാണ് നോട്ടീസ്. ഇല്ലാത്ത പഴ്സണല്‍ അസിസ്റ്റന്റിന്റെ പേരില്‍ പോലും നോട്ടീസയച്ചു. അത്രയും ലാഘവത്തോടെയാണ് നിയമസഭ സെക്രട്ടേറിയറ്റ് വിഷയം കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ സ്പീക്കര്‍ ഇടപെടണം. സ്റ്റാഫ് അംഗങ്ങളെ കെട്ടിത്തൂക്കുമെന്നും മൂക്കില്‍ക്കയറ്റുമെന്നുമുള്ള ഭീഷണി പ്രതിപക്ഷത്തോട് വേണ്ട. മന്ത്രിമാരുടെയും ഭരണപക്ഷ എം.എല്‍.എമാരുടെയും സ്റ്റാഫ് അംഗങ്ങള്‍ വീഡിയോ പകര്‍ത്തിയതിന്റെ തെളിവുണ്ടായിട്ടും അവര്‍ക്ക് നോട്ടീസ് നല്‍കാനുള്ള ധൈര്യം നിയമസഭാ സെക്രട്ടേറിയറ്റിനുണ്ടായില്ല. നിയമസഭയിലെ സംഭവങ്ങളുടെ തുടര്‍ച്ചയായി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഭയപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. അതിന് സ്പീക്കര്‍ വഴങ്ങിക്കൊടുക്കരുത്. ഘടകകക്ഷികളുമായി ആലോചിച്ച് ഇതിനെതിരെ നിയമനടപടി സ്വീകരിക്കും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത് വിചിത്രമായ നടപടിയാണ്. മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും രഹസ്യമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ് നല്‍കേണ്ട സ്ഥാനമല്ല കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേത്. ഇപ്പോഴെങ്കിലും പിണറായി വിജയന് ചീഫ് ജസ്റ്റിസിനോട് ആദരവ് തോന്നിയതില്‍ സന്തോഷമുണ്ട്. എസ്.എന്‍.സി ലാവലിന്‍ കേസില്‍ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസിന് അണ്‍സെറിമോണിയല്‍ യാത്രയയപ്പാണ് നല്‍കിയത്. അന്ന് എസ്.എഫ്.ഐക്കാരെയും ഡി.വൈ.എഫ്.ഐക്കാരെയും വിട്ട് മുദ്രാവാക്യങ്ങള്‍ വിളിച്ച് ചീഫ് ജസ്റ്റിസിനെ നാട്കടത്തുകയായിരുന്നു. അങ്ങനെയുള്ള പിണറായി വിജയനാണ് ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയത്. എന്തിനായിരുന്നു ഇങ്ങനെയൊരു യാത്രയയപ്പെന്ന് മുഖ്യമന്ത്രി തന്നെയാണ് വ്യക്തമാക്കേണ്ടത് അദ്ദേഹം തുറന്നടിച്ചു.